ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ; സുപ്രീം കോടതിയുടെ അനുമതി തേടും

വായു മലിനീകരണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആലോചന
ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ; സുപ്രീം കോടതിയുടെ അനുമതി തേടും

ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ അരവിന്ദ് കെജിരിവാൾ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുവഴി ഒരാഴ്ചയായി തുടരുന്ന വായു മലിനീകരണം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

കാന്ഡപുർ ഐഐടിയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് 40 ശതമാനമെങ്കിലും മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാകൂ എന്നാണ് കാൻപുർ ഐഐടി സംഘം അറിയിച്ചയായും വ്യക്തമാക്കുന്നു.

കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയാറാക്കാൻ ഡൽഹി സർക്കാർ ഐഐടി സംഘത്തിന് നിർദേശം നൽകി. തുടർന്ന് ഈ റിപ്പോർട്ട് വെള്ളിയാഴ്ചയോടെ സുപ്രീം കോടതിയിൽ സമർപ്പിക്കും. ഡൽഹിയിലെ വായു മലിനീകരണ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലൂണ്ട്. സുപ്രീംകോടതി അനുമതി ലഭിച്ചാൽ‌ കൃത്രിമ മഴ പെയ്യിക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

മേഘങ്ങളിൽ പ്രത്യേകതരം രാസവസ്തു വിതറിയാണു (ക്ലൗഡ് സീഡിങ്) കൃത്രിമ മഴ പെയ്യിക്കുന്നത്. മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക - രാസ പ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് കൃത്രിമ മഴ. ഭൂമിയിൽനിന്ന് ഏകദേശം 16,000-20,000 അടി ഉയരത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com