

ജയ്പൂരിലെ റാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിന്‍റെ കെട്ടിടം പൊളിച്ചുനീക്കുന്നു
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സർക്കാർ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി. ജയ്പൂരിലെ റാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിന്‍റെ ജീർണിച്ച കെട്ടിടമാണ് ബുധനാഴ്ച പൊളിച്ചുനീക്കിയത്. ഇവിടെ 18 ലക്ഷം രൂപ ചെലവിൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
‘സ്കൂൾ ഠീക് കരോ’ (സ്കൂൾ ശരിയാക്കൂ) ക്യാമ്പയിനിന്‍റെ ഭാഗമായി ഓഗസ്റ്റ് 21ന് സിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടി സഹകൺവീനർ ആശുതോഷ് റാങ്കയ്ക്ക് പരുക്കേറ്റിരുന്നു. 2025 സെപ്റ്റംബറിൽ സ്കൂൾ കെട്ടിടം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഗ്രാമവാസികൾ ഒരുക്കിയ രണ്ട് മുറികളിലും ടിൻ ഷെഡിലുമാണ് സ്കൂളിലെ 18 വിദ്യാർഥികൾ പഠിച്ചിരുന്നത്. താൽക്കാലിക പഠനകേന്ദ്രത്തിന് സമീപം എരുമകളെയും കെട്ടിയിട്ടിരുന്നെന്നും എരുമകളെ പാർപ്പിക്കുന്ന ഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നതെന്നും അശുതോഷ് റാങ്ക ആരോപിച്ചിരുന്നു.
പുതിയ കെട്ടിടത്തിനായി ആകെ 18 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 12 ലക്ഷം രൂപ ജില്ലാ മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റിൽനിന്നും ആറ് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നുമാണ് അനുവദിച്ചത്. സിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരേ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.
സർക്കാർ സ്കൂളുകൾ നന്നാക്കാനുള്ള ക്യാമ്പയിനിന്‍റെ വിജയമാണിതെന്ന് സിജെപി അവകാശപ്പെട്ടു. സ്കൂൾ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള തീരുമാനത്തെ പ്രദേശവാസികളും സ്വാഗതം ചെയ്തു. നിർമാണപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും നൽകുമെന്നും ഗ്രാമവാസികൾ പറഞ്ഞു.