
ഗുജറാത്ത് വിമാനാപകടത്തിനു കാരണം പക്ഷികൾ? വിദഗ്ധർ പറയുന്നു
അഹമ്മദാബാദ്: ഗുജറാത്തിനെ നടുക്കിയ വിമാനാപകടത്തിന് കാരണം പക്ഷികളായിരിക്കാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പക്ഷികൾക്കു മേൽ ഇടിച്ചതിനാൽ വിമാനം പറന്നുയർന്നതിനു പിന്നാലെ വേണ്ടത്ര വേഗം കൈവരിക്കാൻ സാധിക്കാത്തതായിരിക്കാം അപകടത്തിൽ കലാശിച്ചതെന്ന് വിദഗ്ധർ പറയുന്നു. പല തവണ പക്ഷികൾ ഇടിച്ചതിനാൽ വിമാനത്തിന്‍റെ രണ്ട് എൻജിനുകൾക്കും വേണ്ടത്ര വേഗം കൈവരിക്കാൻ ആകാതെ വന്നതാണ് അപകടകാരണമെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് മുൻ സീനിയർ പൈലറ്റ് സൗരഭ് ഭട്നഗർ പറയുന്നു.
എയർ ഇന്ത്യ ഫ്ലൈറ്റ് 171 നെ സംബന്ധിച്ച് ടേക് ഓഫ് കൃത്യതയോടെയാണ് പൂർത്തിയാക്കിയത്. എന്നിട്ടും മുകളിലക്ക് പറക്കാനാകാതെ വന്നത് എൻജിന് ശക്തി നഷ്ടപ്പെട്ടതു കൊണ്ടായിരിക്കണമെന്നും കൂടുതൽ അന്വഷണത്തിലേ കാരണം വ്യക്തമാകൂ എന്നും ഭട്നഗർ പറയുന്നു. 11 വർഷം മാത്രം പഴക്കമുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. അതു കൊണ്ടു തന്നെ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ കാരണമാകില്ലെന്ന് കരുതാം.
എയർപോർട്ടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ സ്വാഭാവികമായും ധാരാളം പക്ഷികളും കാണും. അതു കൊണ്ടു തന്നെ പക്ഷികൾ ഒരു പ്രധാന കാരണമായി കരുതേണ്ടതാണ്. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഒരു കനേഡിയൻ വംശജനും 7 പോർച്ചുഗീസുകാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ഉയർന്നതിനു പിന്നാലെ പൈലറ്റ് അപകടത്തിനു സാധ്യതയുള്ളതായി സന്ദേശം അയച്ചിരുന്നു.