

പ്രതി കല്യാൺ ബെയ്ൻസ്ലാ, അപകടത്തിന്‍റെ ദൃശ്യം
ഗുരുഗ്രാം: ഡൽഹിക്ക് സമീപത്തെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്യാൺ ബെയ്ൻസ്ലയെ ആണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസ് ഇനി ഒക്റ്റോബർ ഒന്നിന് പരിഗണിക്കും.
രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ബെയ്ൻസ്ലയെയും കൂട്ടുപ്രതി ലവ്നീഷിനെയും വെള്ളിയാഴ്ച ഗുരുഗ്രാം ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ബെയ്ൻസ്ലയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
33കാരനായ ബെയ്ൻസ്ലയെയും കാറിലുണ്ടായിരുന്ന ബന്ധുവായ 34കാരൻ ലവ്നീഷിനെയും രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാജസ്ഥാനിലെ രാജ്ഗഢിൽ നിന്നാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കം ബെയ്ൻസ്ലയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന സിയ എന്ന യുവതിയെ പിന്നാലെ എത്തി കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.