ഗുരുഗ്രാം: ജഡ്ജിയെ ശരിയായ രീതിയിൽ സല്യൂട്ട് ചെയ്യാതിരുന്ന അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർക്കെതിരേ നടപടിക്ക് ഉത്തരവിട്ട് ഗുരുഗ്രാം കോടതി. എസിപി നവീൻ ശർമയ്ക്കെതിരേയാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിസിപി കരൺ ഗോയൽ കേസിൽ അന്വേഷണം നടത്തും. ഒരു വഞ്ചനാക്കേസിലെ പ്രതിയെ ഹാജരക്കുന്നതിനായാണ് എസിപിയും സംഘവുംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ കോടതിയിലെത്തിയത്. കേസ് പരിഗണിച്ചതിനു പിന്നാലെയാണ് വിവാദമായ സല്യൂട്ട് കോടതിയുടെ ശ്രദ്ധയിൽ പെട്ടത്. എസിപി ജഡ്ജിനു മുന്നിൽ നിന്ന് കൈ ഉയർത്തി രണ്ടു വിരലുകൾ കൊണ്ട് നെറ്റിയിൽ തൊടുകയാണുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൈമുട്ടു മാത്രം ഉയർത്തിയും, നെറ്റിയിൽ തൊട്ടും, ശരിയായ രീതിയിലുള്ള സല്യൂട്ട് എന്നിങ്ങനെ മൂന്നു തരത്തിലുള്ള സല്യൂട്ടുകൾ നൽകാൻ താൻ പഠിച്ചിട്ടുണ്ടെന്നായിരുന്നു എസിപിയുടെ മറുപടി. അതിനു പിന്നാലെ ഇറുകിയ ഷർട്ട് ധരിച്ചതിനാൽ ശരിയായ രീതിയിൽ സല്യൂട്ട് നൽകാൻ കഴിഞ്ഞില്ലെന്ന് അറിയിച്ചു.
എസിപിയുടെ നടപടി പ്രോട്ടോകോളുകൾക്കും നിയമത്തിനും എതിരാണെന്ന് കോടതി പറഞ്ഞു. നിയമങ്ങളും പ്രോട്ടോകോളുകളും പിന്തുടരാൻ എസിപിക്ക് പരിശീലനം നൽകണമെന്ന് ഉത്തരവിട്ട് കോടതി പഞ്ചാബ് പൊലീസ് ചട്ടം പ്രകാരം എസിപിക്കെതിരേ നടപടിയെടുത്താൻ ഉത്തരവിട്ടു.