നടുറോഡിൽ ബൈക്ക് യാത്രക്കാരിയെ സൈനികന്‍റെ കാർ ഇടിച്ചുതെറിപ്പിച്ചു, വീഡിയോ വൈറൽ

അപകടകരമായ രീതിയിൽ കാറോടിച്ച സംഘം യുവതിയുടെ സ്പോർട്സ് ബൈക്ക് മനഃപൂർവം ഇടിച്ചുവീഴ്ത്തി. കാർ സൈനികന്‍റേത്. ഓടിച്ചത് മറ്റൊരാളെന്ന് ഉടമ
Gurugram road rage woman biker hit by car

1. സിയയോട് ബൈക്ക് നിർത്താൻ ആവശ്യപ്പെടുന്ന കാർ, 2. സിയയുടെ ബൈക്കിനെ പിന്തുടരുന്ന കാർ, 3. സിയയെ കാർ ഇടിച്ചിടുന്നു.

Updated on

ഗുരുഗ്രാം: ഗുരുഗ്രാമിലെ റോഡിൽ ബോധപൂർവം സൃഷ്ടിച്ച വാഹനാപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗോൾഫ് കോഴ്സ് റോഡിൽ അപകടകരമായ രീതിയിൽ കാറോടിച്ച സംഘം യുവതിയുടെ സ്പോർട്സ് ബൈക്ക് മനഃപൂർവം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതിക്കൊപ്പം മറ്റു ബൈക്കുകളിൽ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളുടെ ക്യാമറകളിലും ദൃശ്യം വ്യക്തമാണ്.

അപ്രതീക്ഷിതമായ ഈ ആക്രമണത്തിന് ഇരയായത് സിയ എന്ന യുവതിയാണ്. ഏപ്രീലിയ സ്പോർട്സ് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് വെള്ള സെഡാൻ കാറിലെത്തിയ സംഘം ഇവരെ പിന്തുടർന്ന് ആക്രമിച്ചത്. കാറിലുണ്ടായിരുന്നവർ നിരന്തരം അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സിയ പറയുന്നു.

കാറിലുണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് സിയ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആരോപിച്ചു. കാർ നിരന്തരം തങ്ങളെ പിന്തുടർന്നപ്പോൾ അകലം പാലിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും അവർ വാഹനം അടുപ്പിച്ച് ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. റോഡിലൂടെ മീറ്ററുകളോളം ബൈക്കും യാത്രികയും വലിച്ചിഴയ്ക്കപ്പെട്ടു. സുഹൃത്തുക്കൾ അടുത്ത സിഗ്നലിൽ വച്ച് കാർ തടഞ്ഞെങ്കിലും കാർ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിയയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഗുരുഗ്രാം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗികമായി പരാതി കിട്ടിയിട്ടില്ലെന്നും, പരാതി എഴുതി വാങ്ങാൻ ശ്രമിക്കുകയാണെന്നും പൊലീസ്.

ഞാൻ സൈനികനാണ്, ഓടിച്ചത് മറ്റൊരാൾ: ഉടമ

അപകടമുണ്ടാക്കിയ മാരുതി സുസുക്കി സിയാസ് കാർ (HR30Y4949) ഹരിയാനയിലെ പൽവാൽ സ്വദേശിയായ മനീഷ് എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, താനല്ല വണ്ടിയോടിച്ചതെന്ന് മനീഷ് അവകാശപ്പെടുന്നു. അസമിൽ സൈനിക സേവനത്തിലുള്ള താൻ ഡ്യൂട്ടിയിലാണെന്നും, സുഹൃത്തായ കല്യാൺ വീട്ടിൽ നിന്ന് കാർ വാങ്ങി പോകുകയായിരുന്നുവെന്നും ഇയാൾ മാധ്യമങ്ങളോടു പറഞ്ഞു. വീഡിയോ കണ്ടാണ് വിവരമറിഞ്ഞതെന്നും ഉടമ വ്യക്തമാക്കി.

ഗുരുഗ്രാം റോഡുകളിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നതിന്‍റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. സൈബർ ലോകത്ത് വ്യാപകമായ പ്രതിഷേധവും ഉയരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

logo
Metro Vaartha
www.metrovaartha.com