പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

രേഖകൾ നൽകിയതിന് ആധാരമായ ഔദ്യോഗിക വിവരങ്ങൾ കൂടി ഹാജരാക്കിയാൽ മാത്രമേ അവ പൗരത്വത്തിനോ കുടുംബബന്ധം തെളിയിക്കാനോ ഉപയോഗിക്കാനാകൂവെന്നും കോടതി
Guwahati High Court states that PAN cards and voter ID cards are not proof of Indian citizenship.

പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

Updated on: 

ഗുവാഹത്തി: പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും കൊണ്ട് മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിക്കില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. രേഖകൾ നൽകിയതിന് ആധാരമായ ഔദ്യോഗിക വിവരങ്ങൾ കൂടി ഹാജരാക്കിയാൽ മാത്രമേ അവ പൗരത്വത്തിനോ കുടുംബബന്ധം തെളിയിക്കാനോ ഉപയോഗിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

ദരംഗ് സ്വദേശിയായ കുൽച്ചൻ ബീഗത്തെ വിദേശിയെന്ന് പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനെതിരേ അവർ സമർപ്പിച്ച ഹർജിയും കോടതി തള്ളി.

1971 മാർച്ച് 25ന് ശേഷം ഇന്ത്യയിലെത്തിയ വിദേശിയാണെന്ന് ചൂണ്ടിക്കാട്ടി 2018ൽ മംഗൽദായിയിലെ ഫോറിനേഴ്സ് ട്രൈബ്യൂണലാണ് കുൽച്ചൻ ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്. ഇതിനെതിരായ ഹർജി പരിഗണിച്ച ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫൂക്കൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഹർജിക്കാരി ആശ്രയിച്ച രേഖകളായ പിതാവിന്‍റെ പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്വന്തം വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ പൗരത്വമോ മാതാപിതാക്കളുമായുള്ള കുടുംബബന്ധമോ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.

പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഔദ്യോഗിക അന്വേഷണങ്ങളില്ലാതെ വ്യക്തികൾ സ്വയം അപേക്ഷിച്ച് നേടുന്ന രേഖകളാണെന്ന് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ഇവ അനുവദിക്കുന്നതിന് ആധാരമായ രേഖകൾ തെളിയിക്കാത്തിടത്തോളം ഇന്ത്യൻ പൗരത്വത്തിന്‍റെ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ 1971 മാർച്ച് 25 എന്ന തീയതി അടിസ്ഥാനമാക്കി പൗരത്വവും കുടുംബപാരമ്പര്യവും പരിശോധിക്കുന്ന അർധ ജുഡീഷ്യൽ സ്ഥാപനങ്ങളാണ്. വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നവർക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം.