'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഓൺലൈൻ ഹർജി

Chief Election Commissioner Gyanesh Kumar

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ

Updated on

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്നുള്ള പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉന്നയിച്ച എതിർപ്പുകൾ സംബന്ധിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ഹർജിയുമായി യൂത്ത് കോൺഗ്രസ്.

‘ജ്ഞാനേഷ്, ഇറ്റ്സ് ഡൺ ബ്രോ’ എന്ന പേരിലാണ് ഹർജി ആരംഭിച്ചത്. ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുക, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും വോട്ടർപട്ടികകളിലും സമഗ്ര അന്വേഷണം നടത്തുക, തെരഞ്ഞെടുപ്പ് രേഖകളും കമ്മിഷനിലെ ആഭ്യന്തര എതിർപ്പുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

‘തെരഞ്ഞെടുപ്പ് സുതാര്യതയും ഉത്തരവാദിത്തവും’ സംബന്ധിച്ച വിഷയം സമൂഹ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തുടനീളമുള്ള പൗരന്മാരിലേക്കും പ്രത്യേകിച്ച് യുവാക്കളിലേക്കും എത്തിക്കുകയാണ് പ്രചാരണത്തിന്‍റെ ലക്ഷ്യമെന്ന് യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. പ്രചാരണം രാജ്യത്തെ ക്യാംപസുകളിലേക്കും കോളെജുകളിലേക്കും സർവകലാശാലകളിലേക്കും യുവജന സംഘടനകളിലേക്കും വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഓൺലൈൻ ഹർജിയിൽ ഒപ്പുവയ്ക്കാനും പ്രചാരണത്തിൽ പങ്കെടുക്കാനും യൂത്ത് കോൺഗ്രസ് അഭ്യർഥിച്ചു.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഓൺലൈൻ ഹർജി. കഴിഞ്ഞ 10 മാസത്തിനിടെ വോട്ടർപട്ടികയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com