

ചെന്നൈ: കക്ഷി രാഷ്ട്രീയം ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. മക്കൾ നീതി മയ്യത്തിന്‍റെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൻഎം ഇന്ത്യ സഖ്യത്തിൽ ചേർന്നിട്ടില്ല. കക്ഷി രാഷ്ട്രീയമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. സ്വാർഥതയില്ലാതെ രാഷ്ട്രത്തിനു വേണ്ടി ചിന്തിക്കുന്നവർക്കൊപ്പമായിരിക്കും എംഎൻഎം. എന്നാൽ പ്രാദേശികമായി ജന്മിത്ത രാഷ്ട്രീയം കളിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
ഇതു വരെയും ഇന്ത്യ സഖ്യവുമായി ചേർന്നിട്ടില്ല. സഖ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കമൽഹാസൻ സ്വാഗതം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എംഎൻഎം ഡിഎംകെയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൽഹാസൻ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും എംഎൻഎം മത്സരിച്ചിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല.