ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ടു; ഹർജിക്കാരൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ആറ് ആഴ്ചക്കുള്ളിൽ ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
 HC slaps Rs 15L costs on man for suppressing facts in maintenance case against wife

ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ടു; ഹർജിക്കാരൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Updated on

പ്രയാഗ്‌രാജ്: ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകനോട് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. വസ്തുതകൾ മറച്ചു വെച്ചു ഭാര്യയിൽ നിന്ന് പണം ഈടാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ഹർജിക്കാരനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് വിനോദ് ദിവാകറിന്‍റേതാണ് വിധി.

2019ലാണ് ഹർജിക്കാരനായ അഭിഭാഷകൻ നിയമബിരുദധാരിയായ യുവതിയെ വിവാഹം കഴിച്ചത്. അതിനു ശേഷം ഇരുവരും ജോലിക്കു വേണ്ടി ശ്രമിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി യുവതി ആദ്യം ജോലിയിൽ പ്രവേശിച്ചു. എന്നാൽ ഹർജിക്കാരനായ അഭിഭാഷകൻ തൊഴിൽരഹിതനായി തുടർന്നു. ഇരുവരും തമ്മിൽ കലഹങ്ങൾ പതിവായതോടെയാണ് അഭിഭാഷകൻ ഭാര്യയിൽ നിന്ന് ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. പിന്നീട് ഹൈക്കോടതിയെയും സമീപിച്ചു. തനിക്ക് വരുമാനമാർഗമില്ലെന്നാണ് ഇയാൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ സ്ഥലം വാങ്ങാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭാര്യയുടെ അക്കൗണ്ട് വഴി ഇയാൾ 2020ൽ 11.50 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. 2022ൽ 13.56 ലക്ഷം രൂപയും വായ്പയായെടുത്തു. ഈ ലോണിന്‍റെ ഇഎംഐ ആയി മാസവും 26000ത്തിൽ അധികം രൂപ താൻ അടച്ചു കൊണ്ടിരിക്കുകയാണെന്നും 2028 വരെ ഇഎംഐ അടക്കണമെന്നും ഹർജിക്കാരന്‍റെ ഭാര്യ കോടതിയെ അറിയിച്ചു.

സ്ഥലം വാങ്ങാനെന്ന പേരിലെടുത്ത ലോൺ അഭിഭാഷകൻ മദ്യപിച്ചും ധൂർത്തടിച്ചും തീർത്തതായും യുവതി ആരോപിച്ചിട്ടുണ്ട്. ഹർജിക്കാരനൊപ്പമുള്ള ജീവിതം മടുത്തപ്പോഴാണ് 2025ൽ വിവാഹമോചനത്തിനായി ഹർജി സമർപ്പിച്ചതെന്നും അതിനു പിന്നാലെ ഭർത്താവ് ജീവനാംശം ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. 2025ൽ കുടുംബകോടതി മാസം 5000 രൂപ വീതം ഭർത്താവിന് ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് യുവതി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഹർജിയിൽ ഭാര്യയുടെ അക്കൗണ്ട് വഴി എടുത്ത വായ്പയുടെ വിശദാംശങ്ങൾ രേഖപ്പെടുത്താഞ്ഞതിനാൽ അഭിഭാഷകന്‍റെ ഹർജി തള്ളുന്നുവെന്നും നഷ്ടപരിഹാരമായി ഭാര്യക്ക് പതിനഞ്ച് ലക്ഷം രൂപ ആറ് ആഴ്ചക്കുള്ളിൽ ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണമെന്നും കോടതി ഉത്തരവിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com