

ഫയൽ ചിത്രം
ഡെറാഢൂൺ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വ്യാപക മണ്ണിടിച്ചിൽ. ഇതേ തുടർന്ന് രണ്ടു ദേശീയ പാതകളടക്കം 126 റോഡുകൾ അടച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഋഷികേശ്-യമുനോത്രി നാഷണൽ ഹൈവേ അടച്ചിട്ടിരിക്കുകയാണ് . ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് പാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മഴ കനത്തതോടെയാണ് മണ്ണിടിച്ചിൽ വ്യാപകമായതെന്നും ഇതേ തുടർന്നാണ് 126 റോഡുകൾ അടച്ചിട്ടതെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ അറിയിച്ചു.
ഡെറാഢൂണിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞതിനെ തുടർന്ന് ഒരു സ്ത്രീക്ക് പരുക്കേറ്റു. തുടർന്ന് മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ ഏഴു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.