കനത്ത മഴ; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു, മരണം 23 ആയി

കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു
Heavy rain in Jammu; death toll reaches 23.

ജമ്മുവിൽ കനത്ത മഴ; മരണം 23 ആയി

Updated on

ജമ്മു: നാലാം ദിവസവും തുടരുന്ന കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ ജനജീവിതം പ്രതിസന്ധിയിൽ. വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത ബുധനാഴ്ച അടച്ചു.

ഉധംപുർ മുതൽ ബനിഹാൽ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും റിപ്പോർട്ട് ചെയ്തു. ദേശീയപാതയിൽ ഇരുഭാഗത്തുനിന്നുമുള്ള വാഹനഗതാഗതം തടഞ്ഞതായി ട്രാഫിക് പൊലീസ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഞായറാഴ്ച മുതൽ പൂഞ്ച്, രജൗരി, ഡോഡ ജില്ലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 23 പേർ മരിക്കുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തു. കാണാതായവർക്കുള്ള വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച മുതൽ നിർത്തിവച്ചിരിക്കുന്ന അമർനാഥ് യാത്ര, വൈഷ്ണോദേവി തീർഥാടനം എന്നിവ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ കത്വ ജില്ലയിൽ 153 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാംബയിൽ 133 മില്ലീമീറ്ററും ഉധംപൂരിൽ 112.6 മില്ലീമീറ്ററും ജമ്മുവിൽ 62.1 മില്ലീമീറ്ററും കത്രയിൽ 58.5 മില്ലീമീറ്ററും പൂഞ്ചിൽ 51 മില്ലീമീറ്ററും രജൗരിയിൽ 40.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

പ്രധാന നദികൾ ഉൾപ്പെടെ മിക്ക ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ വൈദ്യുതി, കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും പല പ്രദേശങ്ങളിലും തടസപ്പെട്ടു. പൊലീസ്, എസ്‍ഡിആർഎഫ്, എൻഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com