

മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദ് ദിനത്തിൽ പശുക്കളെ അറുക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക മേഖലയുടെ വികസനം, പാൽ ഉത്പാദനം എന്നിവ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, വി.ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, അഡീഷണൽ ഡിജിപി എന്നിവരോടും നിർദേശിച്ചിട്ടുണ്ട്. കൊയമ്പത്തൂർ സ്വദേശിയായ കെ.സൂര്യയെന്ന കെ. സൂര്യ പ്രശാന്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഒരുമൃഗത്തെയും നിർദേശിക്കപ്പെട്ട സ്ഥലത്തു വച്ചല്ലാതെ അറുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ താത്കാലികമായ അറവുശാലകളിൽ അറവ് നടക്കാറുണ്ടെന്ന് കാണിച്ചു കൊണ്ട് പൊലീസ് നൽകിയ റിപ്പോർട്ടിനെയും കോടതി വിമർശിച്ചു.