

ഡൽഹിയിൽ ഒക്റ്റോബർ 16ലെ സിജെപി പ്രതിഷേധം തടയണമെന്ന ഹർജി; വാദം കേൾക്കാൻ ഹൈക്കോടതി
ന്യൂഡൽഹി: കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒക്റ്റോബർ 16ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്ത പ്രതിഷേധം തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരി ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിച്ചു.
കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദസറ വാരാന്ത്യമായതിനാൽ പ്രദേശത്ത് നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിഷേധം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയും വ്യാഴാഴ്ച പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ബന്ധപ്പെട്ട കക്ഷികളെ വിവരമറിയിച്ചശേഷം ഉച്ചയ്ക്ക് 2.30ന് വീണ്ടും ഹാജരാകാൻ ഹർജിക്കാരന്റെ അഭിഭാഷകനോട് നിർദേശിച്ചു.
ദേശീയപതാകയുമായി വെള്ളിയാഴ്ച സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്നാണ് ദിപ്കെ ആഹ്വാനം ചെയ്തത്. ജന്തർ മന്തറിൽ ത്രിവർണപതാക ഉയർത്തിയതിന്റെ പേരിൽ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ജയിലിൽ അടച്ചതിനു പിന്നാലെയാണ് ദിപ്കെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്നും സമാധാന വ്യവസ്ഥകൾ ലംഘിച്ചെന്നും ആരോപിച്ച് സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂൺ–ജൂലൈ മാസങ്ങൾ മുതൽ ഡൽഹി നഗരമധ്യത്തിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സിവിൽ സൊസൈറ്റി അംഗങ്ങളും പ്രതിഷേധങ്ങൾ നടത്തിവരുന്നുണ്ട്.
തലസ്ഥാനത്തെ പ്രതിഷേധങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഋഷഭ് സക്സേനയും വ്യാപാരികളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.