'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്
high level committee demographic change india
Amit Shah

file image

Updated on

ന്യൂഡൽഹി: അനധികൃത കുടിയേറ്റവും മറ്റു കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന "അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിൽ നിന്നു 2008ൽ വിരമിച്ച ജഡ്ജിയാണു ജസ്റ്റിസ് നവ്‌ലേക്കർ.

സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി (ഫോറിനേഴ്സ്-1) സമിതിയുടെ മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും.

ജനസംഖ്യാ വ്യതിയാനം വർത്തമാനകാലത്തും ഭാവിയിലും വലിയൊരു വെല്ലുവിളിയാണെന്നും ഇത് രാജ്യത്തിന്‍റെ പരമാധികാരം, ദേശീയ സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടന, ആദിവാസി സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ ഗുരുതരമായ വെല്ലുവിളി നേരിടാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് 2025 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സമിതി രൂപീകരിച്ചതായി ഇപ്പോൾ അറിയിക്കുന്നു- അമിത് ഷാ പറഞ്ഞു.

നിയമവിരുദ്ധമായ കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലം രാജ്യത്തുടനീളം ഉണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് സമിതി വിപുലവും സമഗ്രവുമായ പഠനം നടത്തും. വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങളുടെ രീതികൾ വിശകലനം ചെയ്യും. ആസൂത്രിതവും സമയബന്ധിതവുമായ പരിഹാരവും സമിതി നിർദേശിക്കുമെന്ന് അമിത് ഷാ.

വിവിധ പ്രദേശങ്ങളിലുണ്ടായ അസ്വാഭാവിക ജനസംഖ്യാ മാറ്റത്തെ ശാസ്ത്രീയമായി വിലയിരുത്തുന്ന സമിതി ഇതിനിടയാക്കിയ കാരണങ്ങളെയും സഹായിച്ച ഘടകങ്ങളെയും കണ്ടെത്തി ഉചിതമായ നയരൂപീകരണത്തിനും ഭരണകൂടതലത്തിലെ ഇടപെടലിനും ശുപാർശ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം, സാമ്പത്തികമായ താത്പര്യങ്ങൾ, സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിക്കും. ആസൂത്രിത കുടിയേറ്റം, അസാഭാവികമായി ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സംഘമായി താമസിക്കൽ തുടങ്ങിയ വിഷയങ്ങളും വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള ജനസംഖ്യയിലെ ഘടനാപരമായ മാറ്റങ്ങങ്ങളും സമിതി വിലയിരുത്തും.

നുഴഞ്ഞുകയറ്റക്കാർ ഇവിടത്തെ യുവാക്കളുടെ അവസരങ്ങൾ തട്ടിയെടുക്കുകയും നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലക്ഷ്യമിടുകയും ചെയ്യുകയാണെന്നും ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഝാർഖണ്ഡിലും ബിഹാറിലും സന്താൾ ആദിവാസി മേഖലയിൽ ബംഗ്ലാദേശി കുടിയേറ്റക്കാർ തമ്പടിക്കുന്നുവെന്നും ഇവിടത്തെ മത- സമുദായ സമവാക്യങ്ങളെ തകിടം മറിക്കുന്നുവെന്നും നേരത്തേ ബിജെപി ആരോപിച്ചിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും അമിത് ഷായുമടക്കം ഈ വിഷയം ഉയർത്തി. പശ്ചിമ ബംഗാളിലും അസമിലും അനധികൃത നുഴഞ്ഞുകയറ്റം പല പ്രദേശങ്ങളുടെയും ജനസംഖ്യാ ഘടന മാറ്റിയെന്ന് നേരത്തേ ആരോപണമുണ്ട്.

logo
Metro Vaartha
www.metrovaartha.com