

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടി റെയിൽവേ. ഡിസംബർ 26 മുതൽ കൂടിയ ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ വരും. 215 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് കൂട്ടിയിരിക്കുന്നത്. 215 കിലോമീറ്റർ വരെയുള്ള ഓഡിനറി ടിക്കറ്റുകളുടെ നിരക്കിൽ മാറ്റമുണ്ടാകില്ല.
മെയിൽ, എക്സ്പ്രസ്, നോൺ എസി, എസി ടിക്കറ്റുകളുടെ നിരക്കിൽ കിലോമീറ്ററിന് 2 പൈസ എന്ന നിരക്കിൽ വർധിപ്പിക്കും. ഇതു പ്രകാരം 500 കിലോമീറ്റർ ദൈർഘ്യമുള്ള എസി യാത്രയ്ക്കായി 10 രൂപ അധികം നൽകേണ്ടി വരും. പ്രവർത്തന ചെലവ് കൂടുന്ന സാഹചര്യത്തിലാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു വഴി 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷി. ഈ വർഷം ജൂലൈയിലും റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.