രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

'ശിവന്‍റെ അഭയമുദ്രയാണ് കോൺഗ്രസിന്‍റെ ചിഹ്നം, ആരെയും ഭയമില്ല'; സഭയിൽ പരമശിവന്‍റെ ചിത്രമുയർത്തി രാഹുൽ

ഗുരു നാനാക്കിന്‍റെ ചിത്രവും രാഹുൽ ഉയർത്തിക്കാട്ടി
Published on

ന്യൂഡൽഹി: ഹിന്ദുയിസമെന്നാൽ ഭയവും വെറുപ്പും തെറ്റിദ്ധാരണകളും പരത്താനുള്ളതല്ല, ശിവന്‍റെ അഭയമുദ്രയാണ് കോൺഗ്രസിന്‍റെ ചിഹ്നം, ആരെയും ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ തീ പാറുന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ബിജെപിയെ രൂക്ഷമായി വിമർശിച്ചത്. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയെയും നിരന്തരമായി ബിജെപി ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടെ ഉത്തരവു പ്രകാരം താൻ നിരന്തരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 20 ൽ അധികം കേസുകളാണ് എനിക്കെതിരേ ഫയൽ ചെയ്തിരിക്കുന്നത്. എന്‍റെ വസതി പിടിച്ചെടുത്തു. ഇഡി 55 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒരുമിച്ച് ഭരണഘടനയെ സംരക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രതിപക്ഷമെന്നതിൽ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. അധികാരത്തേക്കാൾ ഒരു പാട് മേലെയാണ് സത്യമെന്നും രാഹുൽ പറഞ്ഞു.

പ്രസംഗത്തിനിടെ രാഹുൽ പരമശിവന്‍റെ ചിത്രം ഉയർത്തിക്കാണിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. ശിവന്‍റെ അഭയമുദ്രയാണ് കോൺഗ്രസിന്‍റെ ചിഹ്നമെന്നും ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നും രാഹുൽ പറഞ്ഞു. ഗുരു നാനാക്കിന്‍റെ ചിത്രവും രാഹുൽ ഉയർത്തിക്കാട്ടി. സഭയിൽ പരമശിവന്‍റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ ഓം ബിർള എതിർത്തു.

‌ഹിന്ദു വിഭാഗത്തെയെല്ലാം അക്രമകാരികളെന്ന് ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന്‍റെ പ്രസംഗത്തിനിടെ ഇടപെട്ടു. എന്നാൽ ഹിന്ദു വിഭാഗം എന്നാൽ ആർഎസ്എസോ ബിജെപിയോ അല്ലെന്ന് രാഹുൽ മറുപടി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com