കൂറ്റൻ മൊബൈൽ ടവർ മോഷണം പോയി; പൊടി പോലുമില്ല കണ്ടു പിടിക്കാൻ

കുറച്ചു വർഷമായി ഈ ടവർ പ്രവർത്തനരഹിതമായിരുന്നു.
Huge mobile tower stolen; not even a speck of dust to find

കൂറ്റൻ മൊബൈൽ ടവർ മോഷണം പോയി; പൊടി പോലുമില്ല കണ്ടു പിടിക്കാൻ

AI image

Updated on

ബക്സർ: ബിഹാറിൽ പടുകൂറ്റൻ മൊബൈൽ ടവർ മോഷ്ടിക്കപ്പെട്ടു. ബിഹാറിൽ ബക്സർ ജില്ലയിലുള്ള ഡുംറവോണിലാണ് സംഭവം. 132 അടി ഉയരമുള്ള ടവറും 15 കെവിഎ യുടെ ജനറേറ്ററും മറ്റു ടെലികോ ഉപകരണങ്ങളുമാണ് പൊടി പോലുമില്ലാതെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജനവാസമേഖലയ്ക്കു നടുവിൽ നിർമിച്ചിരുന്ന ടവർ എങ്ങനെയാണ് ആരും അറിയാതെ മോഷ്ടിച്ചതെന്ന അമ്പരപ്പിലാണ് നാട്ടുകാർ പോലും.

കുറച്ചു വർഷമായി ഈ ടവർ പ്രവർത്തനരഹിതമായിരുന്നു. ടവറിന്‍റെ അറ്റകുറ്റപ്പണികൾ നിർവഹിക്കാൻ വേണ്ടി ജിടിഎൽ ഇൻഫ്രാസ്ട്ര്ക്ചർ ജീവനക്കാർ എത്തിയപ്പോഴാണ് ടവർ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. കമ്പനി പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹരേനാഥ് യാദവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടവർ നിർമിച്ചിരുന്നത്. 2010 മുതൽ 12 വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നതെന്ന് യാദവ് പറയുന്നു.

2022ൽ കരാർ അവസാനിച്ചു. അതിനു ശേഷം ലീസ് തുകയും യാദവിന് ലഭിച്ചിട്ടില്ല. നാലു തവണ കമ്പനിക്ക് നിയമപരമായി നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും യാദവ് പറയുന്നു. കമ്പനിയുടെ പരാതിയിൽ സ്ഥലം ഉടമയെയും മറ്റു ചിലരെയും ചോദ്യം ചെയ്യുമെന്ന് ബുക്സർ എസ്പി ശുഭം ആര്യ വ്യക്തമാക്കി.

ഇതിനു മുൻപും ബിഹാറിൽ ഇത്തരം വിചിത്രമായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ റോഹ്താസ് ജില്ലയിലെ റെയിൽവേ പാലത്തിന്‍റെ 60 അടി നീളമുള്ള ഗർഡർ മോഷ്ടിക്കപ്പെട്ടിരുന്നു. 2023ൽ സമസ്തിപുരകിൽ നിന്ന് 2 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് ആണ് മോഷ്ടിക്കപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com