

ലഹരി ഉപയോഗം: പൈലറ്റിനെ പിരിച്ചുവിട്ടു
free press
ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കെറ്റിൽ നിന്നു ഡൽഹിയിലേക്കു വരുന്നതിനിടെ വിമാനത്തിന് അപകടമുണ്ടാക്കിയ പൈലറ്റിനെ എയർ ഇന്ത്യ സർവീസിൽ നിന്നു പിരിച്ചുവിട്ടു. അപകടമുണ്ടാകുമ്പോൾ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം നിലച്ചെന്ന റിപ്പോർട്ടും അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണു നടപടി. പൈലറ്റിനെതിരേ കർശന നടപടിക്ക് അന്വേഷണസംഘം ഡിജിസിഎയോട് ശുപാർശ ചെയ്തിരുന്നു. ലഹരി പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
36,000 അടി ഉയരത്തിൽ സഞ്ചരിച്ച വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്കു വീണതാണു പ്രശ്നമായത്. എയർ പോക്കറ്റിൽ വീണതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, അന്വേഷണത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചെന്നു വ്യക്തമായി. നാലു സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്‍റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമായെന്നും ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ.