

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ
മുംബൈ: ബിടെക് വിദ്യാർഥി സഹിൽ വകോഡെയുടെ മരണത്തിനു പിന്നാലെ ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കം ചെയ്ത് ഐഐടി ബോംബേ. പകരം ചുമരുകളിൽ ഘടിപ്പിക്കാവുന്ന ഫാനുകളാണ് പിടിപ്പിച്ചിരിക്കുന്നത്. പരീക്ഷയിൽ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഉത്തരമെഴുതിയെന്ന ആരോപണത്തിനു പിന്നാലെ വെള്ളിയാഴ്ചയാണ് സഹിൽ ഹോസ്റ്റൽ മുറിയിൽ വച്ച് ജീവനൊടുക്കിയത്.
ഹോസ്റ്റലിൽ മാത്രമല്ല ക്യാംപസിലെ മറ്റു മേഖലകളിലെയും സീലിങ് ഫാനുകൾ നീക്കം ചെയ്തിട്ടുണ്ട്. സീലിങ് ഫാനുകൾ നീക്കം ചെയ്തു കൊണ്ടുള്ള നവീകരണ പ്രവർത്തനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സീലിങ് ഫാനുകൾ നീക്കം ചെയ്യുന്നതല്ല പ്രശ്നപരിഹാരമെന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗാവണ്ടേ പ്രതികരിച്ചു. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ 117 വിദ്യാർഥികളാണ് ഐഐടികളിൽ ജീവനൊടുക്കിയിരിക്കുന്നത്.