

John Brittas | Rahul Gandhi
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സിപിഎം വിരുദ്ധ ആരോപണങ്ങളിൽ ഇന്ത്യ മുന്നണി യോഗത്തിൽ അതൃപ്തി അറിയിച്ച് സിപിഎം പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപി. സിപിഎം - ബിജെപി ഡീൽ, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി തുടങ്ങിയ രാഹുലിന്‍റെ പരാമർശങ്ങളെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്തത്. യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി ഡി. രാജയും ബ്രിട്ടാസിനെ പിന്തുണച്ചു.
താൻ സംസാരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദാനി ഗ്രൂപ്പിന് കേരളത്തിൽ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ തീരുമാനത്തെ ചൂണ്ടി ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി തീർന്നെന്ന് രാഹുൽ പറഞ്ഞു. എന്നാൽ ഇതിനെ എതിർത്ത ജോൺ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധത്തിയിലേക്ക് അദാനിയെ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണെന്ന് ചൂണ്ടിക്കാട്ടി. തുറമുഖ പദ്ധതിയുടെ ആദ്യ കരാർ കോൺഗ്രസ് സർക്കാരാണ് ഉണ്ടാക്കിയതെന്നും ബ്രിട്ടാസ് ഓർമിപ്പിച്ചു.
ബിജെപി - സിപിഎം ഡിലെന്ന രാഹുലിന്‍റെയും മല്ലികാർജുൻ ഖാർഗെയുടെയും പ്രസ്തവനയെയും ബ്രിട്ടാസ് വിമർശിച്ചു. രാഹുലും ഖാർഗെയും പോലുള്ള നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ ഞങ്ങൾ കോൺഗ്രസിനെ പിന്തുണച്ചതാണെന്നും എന്നാണ് പിണറായി വിജയനെ അറസ്റ്റു ചെയ്യണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2 മന്ത്രിസ്ഥാനത്തിനു വേണ്ടി ഡിഎംകെയെ ഉപേക്ഷിച്ച പാർട്ടിയാണ് കോൺഗ്രസെന്നും ബ്രിട്ടാസ് വിമർശിച്ചു.
ഇതിന് ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രാദേശിക തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉണ്ടായതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുമായി സംസാരിച്ചശേഷം ചർച്ചയുടെ കാര്യം അറിയിക്കാമെന്ന് ബ്രിട്ടാസും മറുപടി നൽകി.