അറസ്റ്റ് ആയുധമായി; കലഹം മറന്ന് പ്രതിപക്ഷം ഒരുമിച്ചു

അറസ്റ്റ് ആയുധമായി; കലഹം മറന്ന് പ്രതിപക്ഷം ഒരുമിച്ചു

എഎപിക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്നലെ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചു.
Published on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു സ്ഥാനാർഥി നിർണയത്തിൽ പരസ്പരം കലഹിച്ച പ്രതിപക്ഷ സഖ്യത്തെ ഒന്നിപ്പിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്. തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതിനിടെയുണ്ടായ നടപടിയെ അപലപിച്ച് കോൺഗ്രസും ഇടതുപാർട്ടികളും ഡിഎംകെയുമടക്കം പ്രതിപക്ഷം രംഗത്തെത്തി. എഎപിക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്നലെ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചു.

"ഇന്ത്യ' സഖ്യവുമായി അകന്നു നിന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ പ്രതിപക്ഷ കൂട്ടായ്മയ്ക്കു വേണ്ടി രംഗത്തെത്തി എന്നതും ശ്രദ്ധേയം. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് "ഇന്ത്യ' സഖ്യം തെരഞ്ഞെടുപ്പു കമ്മിഷനെ കാണുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവു കൂടിയായ മമത പ്രഖ്യാപിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ മമത ബാനർജി, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, ബിആർഎസ് നേതാവ് കെ.ടി. രാമറാവു തുടങ്ങിയവരും കെജ്‌രിവാളിനെ പിന്തുണച്ചു രംഗത്തെത്തി.

കെജ്‌രിവാളിന്‍റെ അനിഷ്ടം മൂലം എഎപിയിൽ നിന്നു പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമടക്കമുള്ളവരും ഡൽഹി മുഖ്യമന്ത്രിയെ പിന്തുണച്ചു രംഗത്തെത്തി. എന്നാൽ, ഇഡി നടപടി നിയമവിധേയമാണെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നുമാണ് ബിജെപിയുടെ പ്രതികരണം. കോൺഗ്രസ് നേതാവ് അജയ് മാക്കനാണ് കെജ്‌രിവാളിനെതിരേ ആദ്യം ആരോപണമുന്നയിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.

logo
Metro Vaartha
www.metrovaartha.com