
ബി. സുദർശൻ റെഡ്ഡി
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികളെല്ലാം തീരുമാനത്തെ അനുകൂലിച്ചു. 21ന് നാമനിർദേശ പത്രിക സമർപ്പിക്കും. ആന്ധ്രപ്രദേശിലെ രംഗറെഡ്ഡി സ്വദേശിയായ റെഡ്ഡി 1971ലാണഅ അഭിഭാഷകജീവിതത്തിലേക്ക് കടക്കുന്നത്. 1995ൽ ഹൈക്കോടതി ജഡ്ജിയും 2005ൽ ഗ്വാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി. 2007ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.
2011 ജൂലൈയിൽ വിരമിച്ചു. അതിനു ശേഷം ഗോവയിലെ ആദ്യ ലോകായുക്തയായും പ്രവർത്തിച്ചു. രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും പ്രതിനിധിയെന്ന നിലയിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ സന്തുഷ്ടനാണെന്ന് റെഡ്ഡി പ്രതികരിച്ചു. ഇസ്രൊ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ, മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി എന്നിവരെ സ്ഥാനാർഥികളാക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷം ചർച്ചകൾ നടത്തിയിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് റെഡ്ഡിയെ തെരഞ്ഞെടുത്തത്. സി.പി. രാധാകൃഷ്ണനാണ് ബിജെപിയും ഉപരാഷ്ട്രപതി സ്ഥാനാർഥി.
ഇത്തവണ ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടു പേരാണ് ഉപരാഷ്ട്രപതി പദത്തിനു വേണ്ടി മത്സരിക്കുന്നതെന്നതും പ്രത്യേകതയാണ്. 782 അംഗങ്ങളുള്ള സഭയിൽ 392 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. എൻഡിഎക്ക് ലോക്സഭയിൽ 293 അംഗങ്ങളും രാജ്യസഭയിൽ 133 അംഗങ്ങളുമാണുള്ളത്. അതു കൊണ്ടു തന്നെ ബിജെപി സ്ഥാനാർഥിയുടെ വിജയം ഏതാണ്ട് ഉറപ്പാണ്. എൻഡിഎയിലെ വിമത അംഗങ്ങൾ അപ്രതീക്ഷിതമായി പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ടു ചെയ്താൽ മാത്രമേ മറിച്ചെന്തെങ്കിലും സംഭവിക്കൂ.