
മെഹുൽ ചോക്സി
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പു കേസിൽ രാജ്യം വിട്ട മെഹുൽ ചോക്സിക്ക് വേണ്ടത്ര ഭക്ഷണവും ചികിത്സയും ശുചിത്വവും ഉറപ്പു നൽകി ഇന്ത്യ. ചോക്സിയെ കൈമാറണമെന്നാവശ്യപ്പെട്ട് ബെൽജിയത്തിനു നൽകിയ കത്തിലാണ് ഇന്ത്യൻ സർക്കാർ ഇക്കാര്യങ്ങൾ ഉറപ്പു നൽകിയിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 12,000 കോടി രൂപ തട്ടിച്ച കേസിലെ പ്രതിയാണ് ചോക്സി. ഏപ്രിലിലാണ് ചോക്സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ചോക്സി നിലവിൽ കാൻസർ അടക്കമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും അതു കൊണ്ടു തന്നെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നുമാണ് ചോക്സിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് ചോക്സിയെ കൈമാറിയാൽ കസ്റ്റഡിയിൽ സൂക്ഷിക്കുന്ന സെല്ലിന്‍റെ വിശദാംശങ്ങൾ ഉൾപ്പെടെ വിശദമാക്കിക്കൊണ്ടുള്ള കത്ത് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ബെൽജിയം അധികൃതർക്ക് കൈമാറിയത്. മുംബൈയിലെ ആർതർ റോഡ് ജയിൽ കോംപ്ലക്സിലെ ബറാക് നമ്പർ 12ലായിരിക്കും ചോക്സിയെ പാർപ്പിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സെല്ലിൽ അദ്ദേഹത്തിൽ വൃത്തിയുള്ള പരുത്തിയിൽ തീർത്ത കട്ടിയുള്ള പായയും( കിടക്ക) തലയിണയും കിടക്ക വിരിയും പുതപ്പും നൽകും. ഡോക്റ്റർമാർ നിർദേശിക്കുകയാണെങ്കിൽ ലോഹത്തിലോ മരത്തിലോ തീർത്ത കട്ടിലും നൽകും. ആവശ്യത്തിനും വെളിച്ചവും കാറ്റും സെല്ലിലുണ്ടായിരിക്കും. വ്യക്തിപരമായുള്ള കുറച്ചു വസ്തുക്കൾ ഒപ്പം കരുതാനും അനുവദിക്കും. 24 മണിക്കൂറും ചികിത്സാ സംവിധാനവും കുടിക്കാൻ ശുദ്ധമായ ജലവും നൽകും. ദിവസവും ഒരു മണിക്കൂറോളം സെല്ലിനു പുറത്ത് വ്യായാമം ചെയ്യാനും അനുവദിക്കും.
മുംബൈയിലെ ജയിലുകൾ വൃത്തിയുള്ളവയാണെന്നും ദിവസേന അടിച്ചു തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുന്നവയാണെന്നും ആഭ്യന്തര മന്ത്രാലയം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ നൽകിയ ഉറപ്പുകളെല്ലാം പരിശോധിച്ചതിനു ശേഷമായിരിക്കും ബെൽജിയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
13500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരൻ മെഹുൽ ചോക്സി. ഇന്ത്യന്‍ ഏജൻസികളുടെ ആവശ്യപ്രകാരം 12 നാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇഡി, സിബിഐ ആസ്ഥാനങ്ങളില്‍ തയാറായി വരികയാണ്. ഇരു ഏജന്‍സികളില്‍ നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക. 2018 ലും 2021 ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വോറന്‍റുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്.