

ഇന്ത്യ - ഫ്രാൻസ് റഫാൽ കരാർ.
File photo
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനു 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. 3.25 ലക്ഷം കോടി രൂപയുടെ ഇടപാടിനുള്ള ഔപചാരിക അഭ്യർഥനയ്ക്ക് അന്തിമ രൂപമായി. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതു ഫ്രാൻസിന് കൈമാറും. വ്യോമസേന നേരിടുന്ന യുദ്ധ വിമാന സ്ക്വാഡ്രനുകളുടെ കുറവ് പരിഹരിക്കാനുള്ള നിർണായക നടപടിയാകും ഇത്. പ്രതിരോധ സംഭരണ കൗൺസിൽ മൂന്നു മാസം മുൻപ് ഇടപാടിന് അനുമതി നൽകിയിരുന്നു. തുടർന്നാണ് ഔപചാരിക അഭ്യർഥനയ്ക്ക് രൂപം കൊടുത്തത്.
വില, ലഭ്യത, ലോജിസ്റ്റിക്കൽ പിന്തുണ തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് അഭ്യർഥന തയാറാക്കിയത്. ഇരുരാജ്യങ്ങളുടെയും തുടർ ചർച്ചകൾക്കുശേഷം മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അംഗീകാരം നൽകുന്നതോടെ ഇടപാടിന് അന്തിമ രൂപമാകും.
രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നാണ് ഇത്. അടുത്ത മാസം ആദ്യം വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഫ്രാൻസ് സന്ദർശിക്കും. തുടർന്ന് ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും. ചർച്ചകൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ കരാർ ഒപ്പിടുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
വാങ്ങുന്ന 114 വിമാനങ്ങളിൽ 90 എണ്ണം റഫാൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷന്‍റെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ തന്നെ നിർമിക്കും. 24 വിമാനങ്ങൾ മാത്രമാകും ഫ്രാൻസിൽനിന്ന് നേരിട്ട് എത്തിക്കുക. ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങളിൽ കുറഞ്ഞത് 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യകളും ഘടകങ്ങളും ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്.
സ്കാൽപ്പ് ഇജി ക്രൂസ് മിസൈലുകളും ഹാമ്മർ ബോംബുകളും ഘടിപ്പിക്കാൻ കഴിയുന്ന വിമാനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ നിർമിത അസ്ത്ര, ബ്രഹ്‌മോസ്-എൻജി മിസൈലുകൾ ഈ വിമാനങ്ങളിൽ ഘടിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. കരാർ പ്രാബല്യത്തിലായാൽ രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയ്ക്കും സ്വകാര്യ പങ്കാളികൾക്കും വൻ തൊഴിലവസരങ്ങളും സാങ്കേതിക വളർച്ചയും സമ്മാനിക്കും.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു റഫാൽ പോർവിമാനങ്ങളും ബ്രഹ്മോസ് മിസൈലും. നിർണായകമായ ഓപ്പറേഷനുകളിൽ 30 മിനിറ്റിനുള്ളിൽ പൂർത്തീകരിച്ചിരുന്നു റഫാൽ.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഫൈറ്റർ സ്‌ക്വാഡ്രണുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പഴയ മിഗ് വിമാനങ്ങൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഈ കുറവ് നികത്താൻ റഫാൽ വിമാനങ്ങളുടെ വരവ് അടിയന്തിരമായി ആവശ്യമാണ്. ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനങ്ങളായ തേജസ് , എഎംസിഎ എന്നിവ പൂർണമായി സജ്ജമാകുന്നത് വരെ വ്യോമപ്രതിരോധം ശക്തമാക്കാൻ ഇത് അനിവാര്യമാണ്.
ഇന്ത്യൻ വ്യോമസേനയിൽ നിലവിൽ രണ്ടു സ്‌ക്വാഡ്രണുകളിലായി 36 റഫാൽ വിമാനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നാവികസേനയ്ക്കായി കപ്പലുകളിൽ നിന്ന് പറന്നുയരാൻ കഴിയുന്ന 26 റഫാൽ-എംവിമാനങ്ങൾ വാങ്ങാനും നടപടികൾ പുരോഗമിക്കുകയാണ്
പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമസേനയുടെ റഫാൽ വ്യൂഹത്തിൽ 150ലേറെ വിമാനങ്ങളായി ഉയരും. ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം റഫാൽ വിമാനങ്ങളുള്ള രാജ്യവും ഇന്ത്യയാകും.