

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ഇമിഗ്രേഷൻ നടപടികളിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ. ഇനി മുതൽ വിദേശത്തേക്ക് പോകുന്നവർക്ക് ബോർഡിങ് പാസിൽ സീൽ പതിപ്പിക്കേണ്ടതില്ല. സെപ്റ്റംബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിന്‍റെയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്‍റെയും ഭാഗമായാണ് ഇമിഗ്രേഷൻ ബ്യൂറോ ഈ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതൽ യാത്രികർക്ക് ഫോണിലുള്ള ഇലക്‌ട്രോണിക് ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും. പ്രിന്‍റഡ് കോപ്പി നിർബന്ധമില്ല. പ്രിന്‍റഡ് കോപ്പി കൈയിലുള്ളവർക്ക് അതു കാണിച്ചും യാത്ര ചെയ്യാം. എന്നാൽ സീൽ പതിപ്പിക്കാൻ കാത്തിരിക്കേണ്ടതില്ല എന്നർഥം.
ഇതു വരെയും അന്താരാഷ്ട്ര യാത്രികരുടെ ബോർഡിങ് പാസിൽ ഇമിഗ്രേഷൻ ഓഫിസർമാർ സീൽ പതിപ്പിക്കുമായിരുന്നു. ഇതു മൂലം വലിയ സമയനഷ്ടമാണ് ഉണ്ടായിരുന്നത്. പലപ്പോഴും സീൽ വ്യക്തമായി പതിയാറുമില്ല.