
രൺധീർ ജയ്സ്വാൾ
ന‍്യൂഡൽഹി: ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ ശനിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിനു പിന്നിൽ ഇന്ത‍്യയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന‍്യം. എന്നാൽ, പാക്കിസ്ഥാന്‍റെ ആരോപണം ഇന്ത്യൻ വിദേശകാര‍്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇക്കാര‍്യം സംബന്ധിച്ച് വ‍്യക്തത വരുത്തി. പാക്കിസ്ഥാനിൽ നടന്ന ചാവേറാക്രമണത്തിനു പിന്നിൽ ഇന്ത‍്യയാണെന്ന് പാക്കിസ്ഥാന്‍റെ ഔദ‍്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതായും, എന്നാൽ അർഹിക്കുന്ന അവജ്ഞയോടെ ഇത് തള്ളിക്കളയുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ മരിക്കുകയും പത്തിലധികം സൈനികർക്കും പത്തൊമ്പതോളം പ്രദേശവാസികൾക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. ചാവേറായി എത്തിയ ആൾ സൈനിക വാഹനത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.