അഞ്ച് വർഷത്തിനകം ഇന്ത്യയിൽ പ്ലംബർമാരെ കിട്ടാനില്ലാതാകും; ബിരുദക്കാർ കെട്ടിക്കിടക്കുമെന്നും പ്രവചനം

ജനസംഖ്യാപരമായ തകർച്ച നേരിടുന്ന സമ്പന്നമായ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ ജോലിക്കാരിലാണ് ആശ്വാസം കണ്ടെത്തുന്നതെന്ന് റിതേഷ് പറയുന്നു.
India will run out of plumbers within five years

അഞ്ച് വർഷത്തിനകം ഇന്ത്യയിൽ പ്ലംബർമാരെ കിട്ടാനില്ലാതാകും; ബിരുദക്കാർ കെട്ടിക്കിടക്കുമെന്നും പ്രവചനം

Updated on

ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർ, ഇലക്‌ട്രീഷ്യൻ തുടങ്ങിയ ബ്ലൂ കോളർ ജോലി ചെയ്യുന്നവർ ഇല്ലാതാകുമെന്ന പ്രവചനവുമായി ഗവേഷകർ. കാനഡ ആസ്ഥാനമാക്കിയുള്ള മാക്രോ ട്രെൻഡ്സ് റിസർച്ച് ഫേം പൈൻ ട്രീയുടെ സ്ഥാപകനായ റിതേഷ് ജെയിനാണ് പ്രവചനത്തിനു പിന്നിൽ. വികസിത രാജ്യങ്ങൾ പ്ലംബർമാർ, മരപ്പണിക്കാർ, ഇലക്‌ട്രീഷ്യൻസ്, ഡ്രൈവർമാർ തുടങ്ങിയവരെ ഇന്ത്യയിൽ നിന്ന് ‌വൻ തോതിൽ റിക്രൂട്ട് ചെയ്യുമെന്നാണ് റിതേഷ് പറയുന്നത്. അതോടെ ആഗോള തൊഴിൽ മേഖലയിൽ കടുത്ത അസമത്വം രൂപപ്പെടുമെന്നും ലിങ്കെഡിനിലെ പോസ്റ്റിൽ റിതേഷ് പറയുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിച്ചു വരുകയാണ്. ജനനനിരക്ക് കുറയുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ബ്ലൂ കോളർ ജോലിക്കാരുടെ ക്ഷാമം യൂറോപ്പിൽ ഉണ്ടാകും. യുണൈറ്റഡ് നേഷൻസിന്‍റെ ജനസംഖ്യാ പഠനം പ്രകാരം 1970നു ശേഷം 65 വയസിനു മേൽ പ്രായമുള്ളവരുടെ എണ്ണം ആഗോളതലത്തിൽ ഇരട്ടിയായതാണ് കണ്ടെത്തിയിരിക്കുന്നത്. 2070നുള്ളിൽ ഇതു വീണ്ടും ഇരട്ടിയായി മാറും.

ജനസംഖ്യാപരമായ തകർച്ച നേരിടുന്ന സമ്പന്നമായ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ ജോലിക്കാരിലാണ് ആശ്വാസം കണ്ടെത്തുന്നതെന്ന് റിതേഷ് പറയുന്നു. നിർമാണ മേഖലയിലേക്കും കാർഷിക മേഖലയിലേക്കും ഹോം കെയർ മേഖലയിലേക്കുമെല്ലാം കൂടുതൽ ജോലിക്കാരെ വേണമെന്ന സാഹചര്യമായതിനാൽ കുടിയേറ്റത്തോടുള്ള സമ്പന്ന രാജ്യങ്ങളുടെ കർശന നിലപാടുകളിൽ വരെ മാറ്റം വന്നേക്കാമെന്നും റിതേഷ് പ്രവചിക്കുന്നുണ്ട്. സർക്കാർ വിസ നിയമങ്ങൾ കടുപ്പിച്ചാലും വാണിജ്യ മേഖല ഈ നിയമങ്ങൾ മയപ്പെടുത്താനുള്ള സമ്മർദം ചെലുത്തിക്കൊണ്ടിരിക്കും.

അതേ സമയം ഇന്ത്യൻ യുവത്വം വൻ തോതിൽ വൈറ്റ് കോളർ ജോലികളിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും റിതേഷ് പറയുന്നു. നിലവിൽ ഇന്ത്യയിലെ ബിരുദ ധാരികളായ യുവാക്കളിൽ 40 ശതമാനം പേരും തൊഴിൽ രഹിതരാണ്. ബ്ലൂ കോളർ ജോലിക്കാർ വൻതോതിൽ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ ഇന്ത്യയിൽ ബിരുദം നേടിയ വൈറ്റ് കോളർ ജോലി ആഗ്രഹിക്കുന്ന യുവാക്കൾ ബാക്കിയാകുമെന്നാണ് റിതേഷ് കൂട്ടിച്ചേർക്കുന്നത്.

logo
Metro Vaartha
www.metrovaartha.com