

ചീറ്റ മെയ്ഡ് ഇൻ ഇന്ത്യ; 'മുഖി' 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ശിവപുർ: ചീറ്റ തലമുറയിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പിറന്ന ചീറ്റ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പ്രോജക്റ്റ് ചീറ്റയിലെ നാഴികക്കല്ലെന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തെ വിശേഷിപ്പിച്ചത്. ചീറ്റയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യയിൽ പിറന്ന ആദ്യത്തെ ചീറ്റയാണ് മുഖി. ഇപ്പോൾ 33 മാസമാണ് മുഖിയുടെ പ്രായം.
നിലവിൽ ഇന്ത്യയിൽ പിറന്ന് ഇന്ത്യയിൽ പ്രസവിക്കുന്ന ആദ്യത്തെ ചീറ്റ കൂടിയായി മാറിയിരിക്കുകയാണ് മുഖി. ചീറ്റകൾ ഇന്ത്യൻ സാഹചര്യവും പരിസ്ഥിതിയുമായി ഇണങ്ങിയെന്നതിന്‍റെ തെളിവാണ് മുഖിയുടെ പ്രസവമെന്നും മുഖ്യമന്ത്രി പറയുന്നു.
2022 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെ എത്തിച്ചത്. രാജ്യത്തെ ചീറ്റകൾക്ക് വംശനാശം സംഭവിച്ച് ദശാബ്ദങ്ങൾക്ക് ശേഷമാണ് ചീറ്റ പ്രോജക്റ്റ് നടപ്പാക്കിയത്. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും ഉളഅ്പ്പെടെ എട്ട് ചീറ്റകളെയാണ് നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്.