മൃതദേഹത്തിൽ തലച്ചോറും ഹൃദയവും ശ്വാസകോശവുമില്ല; ഇന്ത്യൻ നാവികന്‍റെ മരണത്തിൽ ദുരൂഹത

പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളോ വിശദാംശങ്ങളോ ഇല്ലാതെയാണ് ചൗഹാന്‍റെ മൃതദേഹം വെനിസ്വേല വിട്ടു നൽകിയതെന്ന് എഫ്എസ്‌യുഐ എക്സിൽ കുറിച്ചിട്ടുണ്ട്.
Indian sailor's death mysterious as he had no brain, heart or lungs

രാകേഷ് ചൗഹാൻ

Updated on

ന്യൂഡൽഹി: വെനിസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ തലച്ചോറും ശ്വാസകോശവും ഹൃദയവും ഇല്ലെന്ന് റിപ്പോർട്ട്. 33കാരനായ രാകേഷ് ചൗഹാനാണ് കഴിഞ്ഞ മേയിൽ വെനിസ്വേലയിൽ വച്ച് മരിച്ചത്. കുടുംബം പരാതിപ്പെട്ടതിനെത്തുടർന്ന് ഫെഡറേഷൻ ഒഫ് സീഫെയറേഴ്സ് യൂണിയൻസ് ഒഫ് ഇന്ത്യ (എഫ് എസ്‌യുഐ) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളോ വിശദാംശങ്ങളോ ഇല്ലാതെയാണ് ചൗഹാന്‍റെ മൃതദേഹം വെനിസ്വേല വിട്ടു നൽകിയതെന്ന് എഫ്എസ്‌യുഐ എക്സിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടത്തിയ ഔദ്യോഗികമായ പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. തലച്ചോർ, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്ക, പ്ലീഹ, ആഗ്നേയഗ്രന്ഥി, ആമാശയം, കുടലുകൾ, തൈറോയ്ഡ്, ലാറിങ്സ്, ഹ്യോയ്ഡ്, ട്രക്കിയ എന്നു തുടങ്ങി ആന്തരാവയവങ്ങളൊന്നും ചൗഹാന്‍റെ മൃതദേഹത്തിൽ അവശേഷിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കുടുംബം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൗഹാന്‍റെ ശരീരത്തിൽ കഴുത്തു മുതൽ ജനനേന്ദ്രിയത്തിനു സമീപത്തു വരെ 22 സ്റ്റിച്ചുകളും ഇടതു ചെവി മുതൽ വലതു ചെവി വരെ 21 സ്റ്റിച്ചുകളും ഇട്ടിട്ടുണ്ട്. ഒരു മാസമായി മൃതദേഹം ഡീപ് ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആന്തരാവയവങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ എന്താണ് മരണകാരണമെന്ന് വ്യക്തമാകുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

ഇതൊട്ടും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വെനിസ്വേലയിലെ അധികൃതരുടെ വിശ്വാസ്യത ഉൾപ്പെടെ അന്വേഷിക്കണമെന്നും വെനിസ്വേലയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപ്പെട്ട് മരണകാരണം കണ്ടെത്തി നീതി നടപ്പിലാക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എഫ്എസ്‌യുഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഡിയോറിയയിലെ ലാഗ്ഡ ബാസാർ സ്വദേശിയാണ് ചൗഹാൻ. 2025 നവംബറിലാണ് എക്സ്ഫിനിറ്റി എന്ന കമ്പനി വഴി മെർച്ചന്‍റ് നേവി കപ്പലിൽ വെനിസ്വേലയിലേക്ക് പോയത്.

കമ്പനിയാണ് ചൗഹാന്‍റെ മരണം തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കപ്പലിൽ വീണ് ഗുരുതരമായി പരുക്കേറ്റുവെന്നാണ് ആദ്യം കമ്പനി അറിയിച്ചിരുന്നത്. വീഴ്ചയിൽ നിരവധി പരുക്കുകളുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. രാത്രിയോടെ മരണപ്പെട്ടതായി അറിയിച്ചു. 60 ദിവസത്തിനകം മൃതദേഹം അയച്ചു തരാമെന്നും അവർ ഉറപ്പു നൽകിയിരുന്നു. ജൂൺ 4നാണ് ചൗഹാന്‍റെ മൃതദേഹം ഉത്തർപ്രദേശിലെത്തിയത്. മൃതദേഹം ഒരു തവണ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവു പ്രകാരം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മകന്‍റെ മരണത്തിൽ അന്വേഷണം വേണമെന്ന് പിതാവ് രാം ദേവ് ചൗഹാൻ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com