ജോലി സമയം കുറച്ചു, വിശ്രമ സമയം കൂട്ടി; ഇൻഡിഗോ പ്രതിസന്ധിയുടെ കാരണമറിയാം

ജീവനക്കാരുടെ കുറവ്, പുതിയ ഡ്യൂട്ടി സമയ നിയമം, സാങ്കേതിക തകരാർ, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
Indigo flight cancel crisis reason explained

പൈലറ്റിന്‍റെ ജോലി സമയം കുറച്ചു, വിശ്രമ സമയം കൂട്ടി; ഇൻഡിഗോ ഫ്ലൈറ്റ് പ്രതിസന്ധിയുടെ കാരണമറിയാം

Updated on

ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിവിധ കാരണങ്ങളാൽ 200 വിമാനങ്ങളാണ് റദ്ദാക്കിയത്. അതു മാത്രമല്ല നൂറു കണക്കിന് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നതും.

ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അപ്രതീക്ഷിതമായി ഇത്ര വലിയ പ്രതിസന്ധി ഉണ്ടായതിന്‍റെ കാരണങ്ങൾ പരിശോധിക്കാം.

ജീവനക്കാരുടെ കുറവ്, പുതിയ ഡ്യൂട്ടി സമയ നിയമം, സാങ്കേതിക തകരാർ, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന എന്നിവയാണ് പ്രധാര കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ജീവനക്കാരുടെ കുറവ്

നവംബർ 1 മുതൽ ജോലി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തിൽ വന്നതാണ് കാര്യങ്ങളെല്ലാം തകിടം മറിച്ചത്. പുതിയ നിയമം പ്രകാരം പൈലറ്റുമാരുടെ ജോലി ചെയ്യുന്നതിനുള്ള സമയം കുറച്ചു. നിർബന്ധമായും വിശ്രമിക്കുന്നതിനുള്ള സമയം വർധിപ്പിച്ചു. ആഴ്ചയിൽ 48 മണിക്കൂർ വിശ്രമമാണ് നിർബന്ധമാക്കിയിരിക്കുന്നത്.

അതിനാൽ നിയമപ്രകാരം ജോലി ചെയ്യാൻ അർഹരായ ജീവനക്കാർ ആവശ്യത്തിന് ലഭ്യമല്ലാതായി. കൂടുതൽ ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനാലും നിരവധി സർവീസുകൾ ഉള്ളതിനാലുമാണ് ഇൻഡിഗോയെ നിയമം കാര്യമായി വലച്ചിരിക്കുന്നത്.

പുതിയ റോസ്റ്റർ നിയമം

ജീവനക്കാർക്ക് ക്ഷീണമില്ലാതെ ജോലി ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്(എഫ്ഡിടിഎൽ) നടപ്പിലാക്കിയത്.

ഓരോ ആഴ്ചയിലും പൈലറ്റുമാർക്ക് ദീർഘമായ വിശ്രമസമയം ആണ് അനുവദിച്ചിരിക്കുന്നത്. അത്രയും സമയം വിശ്രമിക്കണമെന്നത് നിർബന്ധമാണ്. വിശ്രമ സമയം അവസാനിക്കാതെ ഒരു പൈലറ്റിന് വീണ്ടും വിമാനം പറത്താൻ അനുവാദമില്ല. തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്ത് പൈലറ്റുമാർ ക്ഷീണിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിയമം നടപ്പിലാക്കിയത്. അതിനൊപ്പം പൈലറ്റുമാരുടെ നൈറ്റ് ലാൻഡിങ്ങിന്‍റെ എണ്ണവും കുറച്ചു. മുൻപ് ഒരു പൈലറ്റിന് ഒരു നിശ്ചിത കാലയളവിൽ ആറു തവണ നൈറ്റ് ലാൻഡിങ് നടത്താമായിരുന്നു. പുതിയ നിയമപ്രകാരം ഇത് രണ്ടായി കുറച്ചു. കൂടുതൽ പൈലറ്റുകളില്ലാതെ സർവീസ് സുഗമമായി പോകില്ലെന്ന് ചുരുക്കം.

ഒരു ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസം 125 മണിക്കൂർ, വർഷം 1000 മണിക്കൂർ എന്നിങ്ങനെയാണ് പൈലറ്റിന് സർവീസിനുള്ള സമയം നൽകിയിരിക്കുന്നത്. ജോലി ചെയ്യുന്നതിന്‍റെ ഇരട്ടി സമയമാണ് വിശ്രമിക്കാനായി നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 10 മണിക്കൂർ ഉറപ്പായും വിശ്രമം നൽകിയിരിക്കണം എന്നും നിയമത്തിലുണ്ട്.

ഇൻഡിഗോ ദിവസവും 2,200 ഫ്ലൈറ്റുകളാണ് പറത്തുന്നത്. എയർലൈനിന്‍റെ ഷെഡ്യൂളിങ് സിസ്റ്റം ഇനിയും ശരിയായ അവസ്ഥയിലായിട്ടില്ലെന്നും നിരവധി ജീവനക്കാർ ആവശ്യമുണ്ടെന്നും അധികൃതർ പറയുന്നു.

സാങ്കേതിക പ്രശ്നം

പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, പുനെ എന്നിവിടങ്ങളിലെ ചെക്ക്-ഇൻ, ഡിപാർച്ചർ കൺട്രോൾ സിസ്റ്റം എന്നിവ തകരാറിലായതും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി.

യാത്രക്കാരുടെ എണ്ണം കൂടി

ശിശിര കാലത്തെ കോടമഞ്ഞ് ഫ്ലൈറ്റുകളുടെ സർവീസിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ യാത്രക്കാരുടെ എണ്ണവും വർധിച്ചു. അതു കൊണ്ടു തന്നെ ചെറിയ ഡിലേ പോ‌ലും വിമാനത്താവളങ്ങളിൽ വലിയ ക്യൂ ആണ് സൃഷ്ടിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com