

ഇൻഡിഗോ വിമാനം.
Representative image
കൊൽക്കത്ത: മേഘങ്ങൾക്കിടയിലൂടെയുള്ള ആകാശയാത്രയെ കവിതയുടെ ഇമ്പമുള്ള ഒരു യാത്രാനുഭവമാക്കി മാറ്റിയ ഇൻഡിഗോ പൈലറ്റിന്‍റെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുമ്പ്, യാത്രക്കാരോട് വിടപറഞ്ഞുകൊണ്ട് പൈലറ്റ് ആലപിച്ച പ്രശസ്തമായ ഉറുദു ഷെറാണ് വൈറലായിരിക്കുന്നത്.
സാധാരണയായി വിമാനമിറങ്ങുന്നതിന് മുൻപുള്ള കാലാവസ്ഥയും ദൂരവും മറ്റ് വിവരങ്ങളും മാത്രം പങ്കുവയ്ക്കുന്ന അനൗൺസ്‌മെന്‍റുകളിൽ നിന്ന വ്യത്യസ്തമായി, ഈ പൈലറ്റ് യാത്രക്കാർക്കായി ഒരു കവിത സമ്മാനിക്കുകയായിരുന്നുത്. കൊൽക്കത്തയിൽ നിന്ന് 140 കിലോമീറ്റർ അകലെയാണെന്നും, 29 ഡിഗ്രി സെൽഷ്യസാണ് അവിടുത്തെ താപനിലയെന്നും വ്യക്തമാക്കിയ പൈലറ്റ്, അടുത്ത 20 മിനിറ്റിനുള്ളിൽ വിമാനം നിലംതൊടുമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് യാത്രക്കാർക്ക് തങ്ങളുടെ കൂടെ യാത്ര ചെയ്തതിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം മൈക്രോഫോണിലൂടെ ആ വരികൾ ആലപിച്ചത്.
പ്രശസ്ത കവി മജ്റൂഹ് സുൽത്താൻപുരിയുടെ വരികളാണ് അദ്ദേഹം അതിമനോഹരമായി അവതരിപ്പിച്ചത്:
മേ അകേലാ ഹി ചലാ താ ജാനിബ്-ഇ-മൻസിൽ മഗർ,
ലോഗ് സാഥ് ആയേ ഗയേ ഔർ കാർവാൻ ബൻതാ ഗയാ...
''ഞാൻ ലക്ഷ്യസ്ഥാനത്തേക്ക് ഒറ്റയ്ക്കാണ് യാത്ര തുടങ്ങിയത്, എന്നാൽ ആളുകൾ ഒപ്പം കൂടിക്കൊണ്ടിരുന്നു, അതൊരു വലിയ കാൽനട സംഘമായി മാറി'' എന്ന അർഥം വരുന്ന ഈ വരികൾ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
സഞ്ചിത എന്ന യാത്രക്കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയൊ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
പൈലറ്റിന്‍റെ സർഗാത്മകമായ ആശയത്തെയും ഊഷ്മളമായ പെരുമാറ്റത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇൻഡിഗോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജും ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. യാത്രക്കാരെ സന്തോഷിപ്പിക്കാൻ ഇത്തരം പൈലറ്റുമാരെ നിയമിച്ചതിന് നന്ദി എന്നാണ് ഉപയോക്താക്കൾ സാമൂഹ്യമാധ്യമങ്ങളിൽ ഇൻഡിഗോയോടു പറയുന്നത്.