
മൂന്ന് പാക്കിസ്ഥാൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം; ജാഗ്രതാ നിർദേശം
representative image
പറ്റ്ന: മൂന്ന് പാക്കിസ്ഥാൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്നൈൽ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവർ ബിഹാറിലെത്തിയതായാണ് വിവരം. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തുടനീളം ബിഹാർ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ അതിർത്തി വഴിയാണ് ഇവർ നുഴഞ്ഞു കയറിയതെന്നാണ് റിപ്പോർട്ടുകൾ. ബിഹാർ പൊലീസ് ഭീകരരുടെ പേരുകൾ, ഫോട്ടോകൾ, പാസ്പോർട്ട് വിവരങ്ങളെന്നിവ അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വിവരമുണ്ട്. സംശയാസ്പദായി കാണുന്ന എന്ത് സാഹചര്യവും നിരീക്ഷിക്കാനും ഉടനടി നടപടിയെടുക്കാനും എല്ലാ ഇന്‍റലിജൻൻ യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.