

ഫുജൈറയിൽ മിസൈൽ ആക്രമണം: ശക്തമായി അപലപിച്ച് പ്രധാനമന്ത്രി
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ തുറമുഖ നഗരമായ ഫുജൈറയിൽ നടന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് അസ്വീകാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ വൻ തീപിടിത്തമുണ്ടാക്കിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ പൊതു പ്രസ്താവനയായിരുന്നു ഇത്.
" മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതിനു കാരണമായ യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യ യുഎഇയുമായി ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരത്തിനു പിന്തുണ ആവർത്തിക്കുകയും ചെയ്യുന്നു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സിലെ പോസ്റ്റ്.
തിങ്കളാഴ്ച നടന്ന വൻ തോതിലുണ്ടായ ഇറാനിയൻ ആക്രമണത്തിന്‍റെ ഭാഗമായിരുന്നു ഫുജൈറ ആക്രമണം. യുഎഇ വ്യോമ പ്രതിരോധം 12 ബാലിസ്റ്റിക് മിസൈലുകൾ, മൂന്നു ക്രൂയിസ് മിസൈലുകൾ, നാല് ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തി.
ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസമില്ലാത്തതുമായ കടൽയാത്ര ഉറപ്പാക്കുന്നത് പ്രാദേശിക സമാധാനം, സ്ഥിരത, ആഗോള ഊർജ സുരക്ഷ എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുജൈറ ആക്രമണത്തെ അസ്വീകാര്യം എന്നു വിശേഷിപ്പിച്ച് ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അപലപിച്ചതിന് മണിക്കൂറുകൾക്കു ശേഷമായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. പരിക്കേറ്റ മൂന്നു പേർ ഇന്ത്യൻ പൗരന്മാരാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അവരുടെ വൈദ്യ സഹായത്തിനും ക്ഷേമത്തിനുമായി പ്രാദേശിക അധികാരികളുമായി ഇടപെടലുകൾ നടത്തുകയാണെന്നും എംബസി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഗൾഫ് ഊർജ ഇറക്കുമതിക്കാരിൽ ഒന്നാണ് ഇന്ത്യ. എണ്ണ, വാതക ഇറക്കുമതിയുടെ ഒരു പ്രധാന ഭാഗം ഈ ജലപാതയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ചിൽ ഇറാൻ അടച്ചു പൂട്ടൽ പ്രഖ്യാപിച്ചതിനു ശേഷം ഇത് വൻ തോതിൽ ഉപരോധിക്കപ്പെട്ടിരുന്നു.