അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

ക്ഷേത്ര നിർമാണ സമിതി അധ്യക്ഷനായിരുന്ന നൃപേന്ദ്ര മിശ്ര, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ യോഗേശ്വർ റാം മിശ്ര എന്നീ പേരുകൾ സിഇഒ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്
Ayodhya Ram Temple

അയോധ്യ രാമക്ഷേത്രം

Updated on

അയോധ്യ: രാമക്ഷേത്രത്തിൽ സംഭാവനയും കാണിക്കയുമായി ലഭിച്ച കോടികൾ തട്ടിയെടുത്ത കേസിൽ അയോധ്യ പൊലീസ് ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴിയെടുത്തു. വിവാദത്തെത്തുടർന്ന് ചമ്പത് റായി ട്രസ്റ്റിൽ നിന്നു രാജി നൽകിയതിനു പിന്നാലെയാണു നടപടി. ഇന്നലെ കർസേവക്പുരത്തെ ഭാരത് കുടിയിലുള്ള വീട്ടിലെത്തിയാണു മൊഴിയെടുത്തത്. മൂന്നു മണിക്കൂറോളം പൊലീസ് ഇവിടെയുണ്ടായിരുന്നു.

മൊഴി രേഖപ്പെടുത്തിയെന്നു സ്ഥിരീകരിച്ച അയോധ്യ സർക്കിൾ ഓഫിസർ അശുതോഷ് തിവാരി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. തട്ടിപ്പ് പുറത്താകും മുൻപുതന്നെ ചമ്പത് റായി ഇക്കാര്യം അറിഞ്ഞിരുന്നതായാണു കരുതുന്നത്. മോഷ്ടിക്കപ്പെട്ട പണത്തിന്‍റെ വിശദാംശങ്ങളാണ് റായിയിൽ നിന്നു തേടിയത്. മോഷണം തുടക്കത്തിൽ അറിഞ്ഞപ്പോൾ ചിലർക്ക് സംഭവിച്ച പിഴവായി കരുതി കേസ് രജിസ്റ്റർ ചെയ്യരുതെന്ന് ചമ്പത് റായി അഭ്യർഥിച്ചിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടിയോ എന്ന ചോദ്യത്തിന് അന്വേഷണത്തിന്‍റെ ഘട്ടത്തിൽ ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താനാവില്ലെന്നു തിവാരി പറഞ്ഞു.

അതിനിടെ, ഈ മാസം ആറിന് ട്രസ്റ്റിന്‍റെ യോഗം വിളിച്ചിട്ടുണ്ട്. നേരത്തേ, ഏഴിന് യോഗം ചേരുമെന്നായിരുന്നു വിഎച്ച്പി അധ്യക്ഷൻ ആലോക് കുമാർ അറിയിച്ചത്. ഇത് ഒരു ദിവസം നേരത്തേയാക്കി. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജിക്കത്ത് ഈ യോഗത്തിൽ ചർച്ച ചെയ്യും. ഇതു സ്വീകരിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ ട്രസ്റ്റിൽ അന്തരിച്ച ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടേതുൾപ്പെടെ മൂന്ന് ഒഴിവുകൾ ട്രസ്റ്റിലുണ്ടാകും. ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസും അംഗം കെ പരാശരനുമടക്കം ചില അംഗങ്ങൾ പ്രായാധിക്യം മൂലം സജീവമല്ല. അതുകൊണ്ടുതന്നെ ട്രസ്റ്റ് പുനഃസംഘടനയുണ്ടാകും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ നിയമിക്കണമെന്ന് വിഎച്ച്പിക്ക് താത്പര്യമുണ്ട്. അതിനായി ട്രസ്റ്റിന്‍റെ ബൈലോ ഭേദഗതി ചെയ്യേണ്ടിവരും. ക്ഷേത്ര നിർമാണ സമിതി അധ്യക്ഷനായിരുന്ന നൃപേന്ദ്ര മിശ്ര, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ യോഗേശ്വർ റാം മിശ്ര എന്നീ പേരുകൾ സിഇഒ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

കോൺഗ്രസ് സംഘത്തെ തടഞ്ഞു

രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് വൻ രാഷ്‌ട്രീയ വിവാദമായതിനെത്തുടർന്ന് അയോധ്യ സന്ദർശിക്കാനെത്തിയ യുപിസിസി അധ്യക്ഷൻ അജയ് റായിയെയും സംഘത്തെയും പൊലീസ് തടഞ്ഞു. എംപിമാരായ കിഷോരി ലാൽ ശർമ, രാകേഷ് രാത്തോഡ്, ഉജ്വൽ രമൺ സിങ്, തനൂജ് പൂനിയ എന്നിവരുൾപ്പെടെ കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിച്ചാണ് അജയ് റായ് എത്തിയത്. എന്നാൽ, തങ്ങളെ വീട്ടുതടങ്കലിലാക്കിയെന്നാണ് റായിയുടെ ആരോപണം. ദർശനം നടത്താതെ അയോധ്യയിൽ നിന്നു മടങ്ങില്ലെന്നും റായ് പറഞ്ഞു. അതേസമയം, കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടിയെക്കുറിച്ച് യുപി സർക്കാർ പ്രതികരിച്ചില്ല.

logo
Metro Vaartha
www.metrovaartha.com