'ബുൾഡോസർ ഓടിക്കാൻ ഇച്ഛാശക്തി വേണം'; വിമർശകർക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

എൻഡിടിവി ക്രിയേറ്റേഴ്‌സ് മഞ്ചിൽ നടന്ന അഭിമുഖത്തിലാണ് ബുൾഡോസർ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശകർക്ക് മറുപടിയെന്നോണം യോഗി പ്രതികരിച്ചത്
Yogi Adityanath

യോഗി ആദിത്യനാഥ്

Updated on: 

വാരണാസി: ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് ഓടിക്കാൻ പ്രത്യേക ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എൻഡിടിവി ക്രിയേറ്റേഴ്‌സ് മഞ്ചിൽ നടന്ന അഭിമുഖത്തിലാണ് ബുൾഡോസർ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശകർക്ക് മറുപടിയെന്നോണം യോഗി പ്രതികരിച്ചത്.

"ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ എല്ലാവർക്കും അതിന്‍റെ സ്റ്റിയറിങ് വീൽ കൈകാര്യം ചെയ്യാൻ കഴിയില്ല. അത് ഓടിക്കാൻ ഒരു പ്രത്യേകതരം ഇച്ഛാശക്തിയും ലക്ഷ്യം പൂർത്തിയാക്കാനുള്ള നിശ്ചയദാർഢ്യവും ആവശ്യമാണ്"- യോഗി ആദിത്യനാഥ് പറഞ്ഞു.

ഗൊരഖ്പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോഴും ബിജെപി വിജയിച്ചിരുന്നുവെന്ന് പറഞ്ഞു. അന്ന് എസ്പി സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി. 2017ലും 2022ലും ഇതേ സാഹചര്യമുണ്ടായി. 2024ലും ഗൊരഖ്പൂരിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. ഗൊരഖ്പൂർ മാത്രമല്ല, ഉത്തർപ്രദേശ് മുഴുവൻ തന്‍റെ വീടാണെന്നും അദ്ദേഹം പറഞ്ഞു. "ഉത്തർപ്രദേശ് മുഴുവൻ എന്‍റെ വീടാണ്. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപിയും സഖ്യകക്ഷികളും ഇതേ വിജയം ആവർത്തിക്കും"- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഉത്തർപ്രദേശ് സർക്കാരിന്‍റെ രാഷ്ട്രീയ പ്രതിച്ഛായയുടെ പ്രധാന ചിഹ്നങ്ങളിലൊന്നായി ബുൾഡോസർ മാറിയിരിക്കുകയാണ് ഇപ്പോൾ. കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെയും അനധികൃത കൈയേറ്റങ്ങളുടെയും പേരിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികളിൽ സർക്കാർ ബുൾഡോസർ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോയെന്ന ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഉത്തർപ്രദേശിന്‍റെ വികസന കാഴ്ചപ്പാട്, വനിതാ സംവരണം, നിർദിഷ്ട മണ്ഡല പുനർനിർണയ നടപടികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തിൽ മുഖ്യമന്ത്രി സംസാരിച്ചു.