

ഒമർ അബ്ദുള്ള, നിധി റിസ്‌ദാൻ
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവർത്തക നിധി റിസ്‌ദാനാണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് നാഷണൽ കോൺഫറൻസ് നേതാവു കൂടിയായ ഒമർ വിവാഹക്കാര്യം പുറത്തു വിട്ടത്. ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു എന്ന കുറിപ്പോടെ വിവാഹചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്. ഇറ്റ്സ് ഡൺ ബ്രോ എന്ന കുറിപ്പോടെ നിധിയും ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31നാണ് 56കാരനായ ഒമർ അബ്ദുള്ളയും മുൻഭാര്യയായ പായലും വിവാഹമോചിതരായത്. 1994ലാണ് ഒമർ പായൽ നാഥിനെ വിവാഹം കഴിച്ചത്. ഇരുവർക്കും സാഹിർ, സമീർ എന്നീ രണ്ടു മക്കളുമുണ്ട്.
2009 മുതൽ ഒമർ ജമ്മു കശ്മീരിലും പായലും മക്കളും ഡൽഹിയിലുമാണ് താമസിച്ചിരുന്നത്. ഡൽഹി ഹൈക്കോടതി വിവാഹമോചനം അനുവദിക്കാഞ്ഞതിനെത്തുടർന്ന് ഒമർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരസ്പരമുള്ള എല്ലാ കേസുകളും പിൻവലിക്കുന്നുവെന്നും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുന്നതിനായി നിലവിലുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാൻ തീരുമാനിച്ചുവെന്നും കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചത്. പൊതു പരിപാടികളിൽ ഇതിനു മുൻപ് നിധി ഒമറിനൊപ്പം പങ്കെടുത്തിരുന്നു.
ഡൽഹിയിലും ശ്രീനഗറിലും വച്ച് നടത്തിയ വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ. റസ്ദാന്‍റെയും സർള റസ്ദാന്‍റെയും മകളാണ് 49കാരിയായ നിധി. നിധിയുടെയും രണ്ടാം വിവാഹമാണ്. മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ നീലേഷ് മിശ്രയാണ് നിധിയുടെ ആദ്യ ഭർത്താവ്. 2005ൽ വിവാഹിതരായ ഇരുവരും 2007ൽ വിവാഹമോചിതരായി.