ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേത്; അത് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി

സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുൽ രംഗത്തെത്തിയത്
Rahul Gandhi

രാഹുൽ ഗാന്ധി

file image

Updated on: 

ന്യൂഡൽഹി: ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും അതിന്‍റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുൽ രംഗത്തെത്തിയത്.

ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും തങ്ങൾ അത് തിരിച്ചുപിടിക്കുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ പറഞ്ഞു. "ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമല്ല. അതിന്‍റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർഥികൾ, യുവാക്കൾ, മാധ്യമപ്രവർത്തകർ, ഇന്ത്യാ സഖ്യം. വ്യത്യസ്ത ബാനറുകൾ, ഒരേ ലക്ഷ്യം. ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുന്ന പൗരന്മാരുടെ എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ്"- രാഹുൽ ഗാന്ധി പറഞ്ഞു.

നല്ലനടപ്പ് വ്യവസ്ഥകൾ ലംഘിക്കുകയും പ്രതിഷേധ മേഖലയല്ലെന്ന് വിജ്ഞാപനം ജന്തർ മന്തറിൽ അതിക്രമിച്ച് കയറുകയും ചെയ്തെന്നാരോപിച്ചാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും തിഹാർ ജയിലിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരെയും പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

ചൊവ്വാഴ്ച പുലർച്ചെ ജന്തർ മന്തറിലെ ബാരിക്കേഡുകൾ മറികടന്ന് അനുമതിയില്ലാതെ പ്രവേശിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തെന്നാരോപിച്ചാണ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

അതിക്രമിച്ചുകയറൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന വ്യവസ്ഥകൾ ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com