

ജെറ്റ് എയർവേയ്‌സ് ജീവനക്കാർക്ക് 480 കോടി രൂപ കുടിശിക ലഭിക്കും
ന്യൂഡൽഹി: പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്‌സിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി കുടിശികയും പലിശയും രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) നിർദേശം നൽകി. ഏഴ് വർഷമായി നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജീവനക്കാർക്ക് ലഭിച്ച വലിയ വിജയമാണിത്. ആകെ 480 കോടി രൂപയോളം ജീവനക്കാർക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഗ്രാറ്റുവിറ്റി തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകണം. പ്രൊവിഡന്‍റ് ഫണ്ട് (പിഎഫ്) വിഹിതം പിഎഫ് ഓഫീസ് വഴി ബന്ധപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്.
2024 നവംബറിൽ വിമാനക്കമ്പനിയുടെ ആസ്തികൾ വിറ്റഴിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാപ്പരത്ത നടപടികളുടെ ഭാഗമായി നേരത്തേ അംഗീകരിച്ച പുനരുജ്ജീവന പദ്ധതി റദ്ദാക്കിയ കോടതി, വായ്പാദാതാക്കൾക്ക് മുഴുവൻ തുകയും നൽകാതെ ഉടമസ്ഥാവകാശം കൈമാറാൻ അനുവദിച്ച ട്രൈബ്യൂണൽ ഉത്തരവ് അസാധുവാക്കി.
1993 മേയിൽ നരേഷ് ഗോയൽ തുടങ്ങിയ ജെറ്റ് എയർവേയ്‌സ് നാല് ബോയിങ് 737-300 വിമാനങ്ങളുമായി വാണിജ്യ സർവീസ് ആരംഭിച്ചു. 1995ൽ ഷെഡ്യൂൾഡ് എയർലൈൻ പദവി ലഭിച്ചു. 2019 ഏപ്രിലിലാണ് ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിയത്.