
വാഷിങ്ടൺ: 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രഥമവനിത ജിൻ ബൈഡന് സമ്മാനിച്ചത് 17 ലക്ഷം രൂപ വില മതിക്കുന്ന വജ്രം. 2023ൽ ഒരു വിദേശ നേതാവ് ബൈഡൻ കുടുംബത്തിന് നൽകുന്ന ഏറ്റവും വിലയേറിയ സമ്മാനമാണിത്. ജോ ബൈഡനും കുടുംബത്തിനുമായി പതിനായിരക്കണക്കിന് ഡോളർ വില മതിക്കുന്ന സമ്മാനങ്ങളാണ് 2023ൽ മോദി നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും വിലയേറിയതാണ് ജിൽ ബൈഡന് സമ്മാനിച്ച 7.5 ക്യാരറ്റിന്‍റെ വജ്രം. ഉക്രേനിയൻ അംബാസഡർ ജില്ലിന് നൽകിയ പതിനാലായിരം ഡോളർ വില വരുന്ന ബ്രൂച്ചാണ് വിലയേറിയ സമ്മാനങ്ങളിൽ രണ്ടാം സ്ഥാനത്ത്. ഈജിപ്റ്റ് പ്രഥമ വനിത സമ്മാനിച്ച 4500 ഡോളർ വില മതിക്കുന്ന ഫോട്ടോ ആൽബമാണ് മൂന്നാം സ്ഥാനത്ത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാണ് വാർഷിക കണക്കുകൾ പുറത്തു വിട്ടത്.
മോദി സമ്മാനിച്ച വിലയേറിയ വജ്രം വൈറ്റ് ഹൗസ് ഈസ്റ്റ് വിങ്ങിന്‍റെ ഔദ്യോഗിക ഉപയോഗത്തിനായി നില നിർത്തിയിരിക്കുന്നുവെന്നും മറ്റു സമ്മാനങ്ങൾ ആർക്കൈവ്സിൽ സൂക്ഷിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വ്യക്തമാക്കി. ഡയമണ്ട് എന്താവശ്യത്തിനായാണ് കൈവശം വച്ചിരിക്കുന്നതെന്ന് ജിൽ ബൈഡൻ വ്യക്തമാക്കിയിട്ടില്ല.
ജോ ബൈഡനും എണ്ണില്ലാത്തത്ര സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. ദക്ഷിണകൊറിയയുടെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്‍റ് സുക് യോൾ യൂൺ 700 ഡോളറിന്‍റെ ആൽബമാണ് സമ്മാനിച്ചത്. മംഗോളിയൻ പ്രധാനമന്ത്രി മുവ്വായിരം ഡോളറിന്‍റെ പ്രതിമയു ബ്രൂൺ സുൽത്താൻ 3300 ഡോളറിന്‍റെ വെള്ളിപ്പാത്രവും ഉക്രേനിയൻ പ്രസിഡന്‍റ് 2400 ഡോളറിന്‍റെ സമ്മാനവും ബൈഡന് നൽകിയിട്ടുണ്ട്.