ഉമർ ഖാലിദിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ

പരിപാടിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല വേദിയുടെ ബുക്കിങ് റദ്ദാക്കിയത്
JNU Students' Union says a discussion on Umar Khalid's book will be held.

ഉമർ ഖാലിദിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടക്കുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ

Updated on

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന്‍റെ “ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദി പൊളിറ്റിക്സ് ഓഫ് പവർ” എന്ന പുസ്തകത്തെക്കുറിച്ച് നടത്താനിരുന്ന ചർച്ച വേദി റദ്ദാക്കിയെങ്കിലും നടക്കുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ. തിങ്കളാഴ്ചയാണ് ജെഎൻയു വിദ്യാർഥി യൂണിയൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

ഓഗസ്റ്റ് ഒൻപതിന് ലോക തദ്ദേശീയ ജനതകളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ചർച്ച സംഘടിപ്പിച്ചിരുന്നത്. വൈകിട്ട് മൂന്നിന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല വേദിയുടെ ബുക്കിങ് റദ്ദാക്കിയത്.

എന്നാൽ വേദി റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ കുറ്റപ്പെടുത്തി. വേദിയുടെ ബുക്കിങ് റദ്ദാക്കിയതുകൊണ്ട് ചർച്ച തടയാനാകില്ലെന്നും യൂണിയൻ വ്യക്തമാക്കി.

ഓഡിറ്റോറിയത്തിന് പുറത്തുള്ള മറ്റൊരു വേദിയിൽ ചർച്ച നടത്തുമെന്ന് യൂണിയൻ അറിയിച്ചു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്നും യൂണിയൻ ആഹ്വാനം ചെയ്തു.

2020ലെ ഡൽഹി കലാപത്തിൽ ഗൂഢാലോചന കേസിൽ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ഉമർ ഖാലിദ് കഴിഞ്ഞ ആറ് വർഷമായി തിഹാർ ജയിലിൽ കഴിയുകയാണ്.

logo
Metro Vaartha
www.metrovaartha.com