
ചിന്നസ്വാമി സ്റ്റേഡിയം ജനം തടിച്ചു കൂടുന്നതിന് അനുയോജ്യമല്ലെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്
File
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വലിയ തോതിൽ ജനം തടിച്ചുകൂടുന്ന പരിപാടികൾ നടത്താൻ അനുയോജ്യമല്ലെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐപിഎൽ കിരീട വിജയാഘോഷത്തിനിടെ 11 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് കർണാടക സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ രൂപകൽപ്പനയിൽ ഘടനാപരവും നടപടിക്രമപരവുമായ പിഴവുകളുണ്ടെന്നും അതിനാൽ വലിയ പരിപാടികൾക്ക് സുരക്ഷിതമല്ലെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇവന്‍റ് മാനെജ്മെന്‍റ് പ്രവർത്തനങ്ങൾ ശരിയല്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുത്തേണ്ടിവരുമെന്നാണ് വിവരം. ഇതു സംബന്ധിച്ച നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ സാധിക്കാതെയും വരും. ബംഗളൂരുവിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയ നഷ്ടത്തിനും കായിക മേഖലയിൽ നിന്ന് കർണാടകയ്ക്കു ലഭിക്കുന്ന വരുമാനത്തിൽ കനത്ത ഇടിവിനും കാരണമാകും.