

ജസ്റ്റിസ് സി.എസ്. കർണൻ
ചെന്നൈ: മദ്രാസ് , കോൽക്കത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു. 71 വയസായിരുന്നു. അസുഖത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. 2017ൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെയാണ് കർണൻ വിവാദങ്ങളിൽ ഇടം പിടിച്ചത്. കോടതിയലക്ഷ്യക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആദ്യ സിറ്റിങ് ജഡ്ജിയാണ് ജസ്റ്റിസ് കർണൻ. സേവന കാലയളവിൽ മറ്റു ജഡ്ജിമാരിൽ നിന്ന് ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
1983ൽ മദ്രാസ് ലോകോളെജിൽ നിന്ന് നിയമബിരുദം നേടിയ ശേഷം 2009ൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2011ൽ സ്ഥിരം ജഡ്ജിയായി. 2016 മാർച്ചിൽ കോൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തന്റെ സ്ഥലം മാറ്റം സ്വയം സ്റ്റേ ചെയ്ത് അദ്ദേഹം വിവാദങ്ങൾക്ക് തുടക്കമിട്ടു. പിന്നീട് ജഡ്ജിമാർക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. മാത്രമല്ല ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 7 ജഡ്ജിമാർക്കെതിരേ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം പ്രകാരമുള്ള കുറ്റം ചുമത്തി 5 വർഷം തടവു ശിക്ഷയ്ക്ക് വിധിച്ചു കൊണ്ടുള്ള അസാധാരണ ഉത്തരവും പുറത്തിറക്കി.
അതേ തുടർന്നാണ് സുപ്രീം കോടതി കർണനെതിരേ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. അന്ന് ചീഫ് ജസ്റ്റിലായിരുന്ന ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് കർണന് ആറു മാസം തടവുശിക്ഷ വിധിച്ചു. ഒളിവിൽ പോയെങ്കിലും കർണൻ പിടിയിലായി. 2017 ജൂണിലാണ് വിരമിച്ചത്. അതേ വർഷം തന്നെ ഡിസംബറിൽ ജയിൽ മോചിതനായ ശേഷം ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 2020ൽ ജഡ്ജിമാർക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെ അദ്ദേഹം വീണ്ടും അറസ്റ്റിലായി. ഈ കേസിൽ ജാമ്യം നേടിയിരുന്നു.