തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

തന്‍റെ നിരീക്ഷണങ്ങൾ തെറ്റായി മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നാണ് ജസ്റ്റിസ് സൂര‍്യ കാന്ത് പറയുന്നത്
justice surya kant clarifies remark about unemployed youth

ജസ്റ്റിസ് സൂര‍്യ കാന്ത്

Updated on

ന‍്യൂഡൽഹി: താൻ യുവാക്കളെ പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചെന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ റിപ്പോർട്ടിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. നിസാരമായ ഒരു കേസ് കേൾക്കുന്നതിനിടെ കഴിഞ്ഞ ദിവസം വാക്കാൽ നടത്തിയ ചില പരാമർശങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതി വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ യുവജനതയെ ഞാൻ വിമർശിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണ്. വ്യാജ ബിരുദവുമായി അഭിഭാഷകരംഗത്തേക്ക് വ്യക്തികൾ കടന്നുവരുന്നതിനെതിരേയായിരുന്നു എന്‍റെ പരാമർശം.

ഇതേപോലുള്ളവർ മാധ്യമ, സാമൂഹിക മാധ്യമ മേഖലകളിലടക്കം മാന്യമായ മേഖലകളിൽ കടന്നുകൂടിയിട്ടുണ്ട്. ഇവർ പരാന്ന ഭോജികളാണെന്നാണ് ഞാനുദ്ദേശിച്ചത്. രാജ്യത്തെ ഓരോ യുവാവും തനിക്കു പ്രചോദനമാണന്നും അവരെ വികസിത ഇന്ത്യയുടെ സ്തംഭങ്ങളായാണു കാണുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തനിക്കു സീനിയർ അഭിഭാഷകനെന്ന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പാറ്റ, പരാദ പരാമർശം. ഒരു പണിയുമില്ലാത്തവരും ആരും ജോലിക്കെടുക്കാത്തവരുമായ, പാറ്റകളെപ്പോലുള്ള കുറേ യുവാക്കൾ മാധ്യമ, സാമൂഹിക മാധ്യമ മേഖലകളിലടക്കം ആക്റ്റിവിസ്റ്റുകളായി സ്വയം വിശേഷിപ്പിച്ച് വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നാൽ, ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോടുപമിച്ചു എന്ന തരത്തിലാണ് ഇത് ചിലർ റിപ്പോർട്ട് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com