കൈലാസം കാണാൻ ചൈനയിൽ പോകണ്ട, ഉത്തരാഖണ്ഡിൽ ദർശന സൗകര്യമൊരുങ്ങുന്നു

ലിപുലേഖ് കൊടുമുടിക്കു മുകളിൽ നിന്നു കൈലാസ ദർശനം നടത്താനുള്ള സാധ്യതയാണു പരിഗണിക്കുന്നത്
കൈലാസം
കൈലാസം
Updated on

പിതോറഗഡ്: കൊവിഡ് 19നെത്തുടർന്നു മൂന്നു വർഷമായി കൈലാസ്- മൻസരോവർ യാത്രകൾ നിലച്ച പശ്ചാത്തലത്തിൽ തീർഥാടകർക്ക് ഇന്ത്യയിൽ നിന്നു തന്നെ കൈലാസ ദർശനത്തിന് ഉത്തരാഖണ്ഡ് സർക്കാർ അവസരമൊരുക്കുന്നു. ലിപുലേഖ് കൊടുമുടിക്കു മുകളിൽ നിന്നു കൈലാസ ദർശനം നടത്താനുള്ള സാധ്യതയാണു പരിഗണിക്കുന്നത്.

ശിവന്‍റെ ആസ്ഥാനമെന്നു വിശ്വസിക്കുന്ന കൈലാസ പർവതത്തിനു പടിഞ്ഞാറ് ടിബറ്റിന്‍റെ കവാടമായി സ്ഥിതി ചെയ്യുന്ന കൊടുമുടിയാണു ലിപുലേഖ്. ലിപുലേഖ് ചുരത്തിനു പടിഞ്ഞാറാണ് കൊടുമുടി.

2019ലാണ് ലിപുലേഖ് ചുരത്തിലൂടെ അവസാനമായി കൈലാസ്- മൻസരോവർ യാത്ര നടന്നത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടർന്നു തീർഥാടനം നിർത്തിവച്ചു.

"ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ അധികൃതർ, സാഹസിക ടൂറിസം വിദഗ്ധർ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം അടുത്തിടെ ലിപുലേഖ് കൊടുമുടി സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാൽ കൈലാസ പർവതം വ്യക്തമായി കാണാം. ഈ പ്രദേശം തീർഥാടന ടൂറിസം കേന്ദ്രമാക്കി വളർത്തിയെടുക്കുന്നത് എങ്ങനെയെന്നു പരിശോധിച്ചു വരികയാണ്''- സംഘത്തിൽ ഉണ്ടായിരുന്ന ദാർച്ചുല സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ദേവേഷ് ശാസ്നി പറഞ്ഞു.

ലിപുലേഖ് ചുരത്തിൽനിന്നുള്ള കൈലാസ ദൃശ്യം.
ലിപുലേഖ് ചുരത്തിൽനിന്നുള്ള കൈലാസ ദൃശ്യം.

"കൈലാസ് മൻസരോവർ യാത്രയ്ക്കു പകരമായി ലിപുലേഖിലൂടെയുള്ള കൈലാസ ദർശനം പരിഗണിക്കാം. ലിപുലേഖ് കൊടുമുടി സ്ഥിതി ചെയ്യുന്ന വ്യാസ് താഴ്‌വരയെ തീർഥാടന ടൂറിസത്തിന്‍റെ കേന്ദ്രമായി മാറ്റിയെടുക്കാനുള്ള സാധ്യതയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഞങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അതിനാണ് ലിപുലേഖ് കൊടുമുടിയും നാഭിധംഗും ആദികൈലാസ് മേഖലയും സന്ദർശിച്ചത്''- ജില്ലാ ടൂറിസം ഓഫിസർ കൃതി ചന്ദ് പറഞ്ഞു. 19000 അടി ഉയരത്തിലുള്ള കൊടുമുടിയിലേക്ക് സ്നോ സ്കൂട്ടറിലൂടെ തീർഥാടകരെ എത്തിക്കാനാകുമെന്നും കൃതി ചന്ദ്.

ലിപുലേഖ് ചുരത്തിൽ നിന്ന് 1800 മീറ്റർ ഉയരത്തിലാണു കൊടുമുടി. ഇവിടേക്ക് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റോഡ് നിർമിച്ചിട്ടുണ്ട്. വാർധക്യവും അനാരോഗ്യവും മൂലം മൻസരോവർ യാത്ര നടത്താനാകാത്ത വ്യാസ് താഴ്‌വര നിവാസികൾ മുൻപുതന്നെ ലിപുലേഖ് കൊടുമുടിയിലെത്തി കൈലാസദർശനം നടത്തുന്നത് പതിവാണ്. കൊടുമുടിയിൽ നിന്നുള്ള, കൈലാസത്തിന്‍റെ ദൃശ്യം മനസു കുളിർക്കുന്നതാണെന്ന് വ്യാസ് താഴ്‌വരയിലെ റോങ്കോങ് സ്വദേശി ഭൂപാൽ സിങ് റോങ്കളി. നാലു കൊടും വളവുകളും കൊടുങ്കാറ്റുമാണ് ലിപുലേഖ് കൊടുമുടിയിലേക്കുള്ള വഴിയിൽ വെല്ലുവിളിയെന്നും റോങ്കളി.

logo
Metro Vaartha
www.metrovaartha.com