
ബംഗളൂരു: ഭാഷാ വിവാദത്തിൽ മാപ്പു പറയില്ലെന്ന് കമൽ ഹാസൻ ഹൈക്കോടതിയിൽ. തന്‍റെ പരാമർശം ദുരുദ്ദേശത്തോടെ ആയിരുന്നില്ലെന്നും അതിനാൽ മാപ്പു പറയില്ലെന്നും കർണാടക ഹൈക്കോടതിയിൽ കമൽ ഹാസൻ വ്യക്തമാക്കി. 'തഗ് ലൈഫ്' സിനിമ കർണാടകയിൽ തൽക്കാലം റിലീസ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ വിവാദത്തിന്‍റെ പേരിൽ മണിരത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫ് നിരോധിച്ചതിനെതിരേ കമൽ ഹാസൻ ഹൈക്കോടതിയിൽ കമൽ ഹാസൻ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കമൽ നിലപാട് വ്യക്തമാക്കിയത്. ഹർജി മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
അതേസമയം , ഹർജി പരിഗണിച്ച കോടതി കമൽ ഹാസനെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ചോദിച്ച കോടതി ഖേദം പ്രകടിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് തയാറല്ലെന്ന നിലവാടിലാണ് കമൽ ഹാസൻ.