കമൽനാഥും ടാങ്കയും ബിജെപിയിലേക്ക്? രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി

ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കമൽനാഥ്, വിവേക് ടാങ്ക
കമൽനാഥ്, വിവേക് ടാങ്ക
Updated on

ഭോപ്പാൽ: മുതിർന്ന കോൺ‌ഗ്രസ് നേതാവ് കമൽനാഥും രാജ്യസഭാ എംപി വിവേക് ടാങ്കയും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കമൽനാഥിന് രാജ്യസഭാ സീറ്റും മകനും കോൺഗ്രസ് എംപിയുമായ നകുൽ നാഥിന് ചിന്ദ്വാരയിലെ ലോക്സഭാ സീറ്റും മന്ത്രിപദവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥിനെ പാർട്ടിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമം ബിജെപി നടത്തുന്നത്.

അടുത്തിടെ മുഖ്യമന്ത്രി മോഹൻ യാദവ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നഡ്ഡ എന്നിവരുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ സോണിയാഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കമൽനാഥ് രാജ്യസഭാ സീറ്റ് എന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തോട് കോൺഗ്രസ് മുഖം തിരിച്ചതോടെയാണ് കമൽനാഥ് കളം മാറ്റി ചവിട്ടാൻ ഒരുങ്ങുന്നത്. ലോക്സഭാ മുൻ സ്പീക്കർ സുമിത്ര മഹാജൻ കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

ഫെബ്രുവരി 27നാണ് 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 13ന് കമൽനാഥ് കോൺഗ്രസ് എംപികൾക്കായി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വിഷയത്തിൽ എത്രയും പെട്ടെന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്‍റെ പ്രധാന നേതാവായ കമൽനാഥ് ബിജെപിയിലേക്ക് ചേക്കേറിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനത് കനത്ത തിരിച്ചടിയായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com