എന്തും അന്വേഷിക്കാൻ അധികാരമുള്ള സൂപ്പർ പൊലീസല്ല ഇഡി; അധികാരപരിധിയിലെ അതിരുകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിക്കുള്ള അന്വേഷണ അധികാരം സ്വതന്ത്രമല്ലെന്ന് കോടതി വ്യക്തമാക്കി
karnataka high court about ed powers

എന്തും അന്വേഷിക്കാൻ അധികാരമുള്ള സൂപ്പർ പൊലീസല്ല ഇഡി; അധികാരപരിധിയിലെ അതിരുകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

Representative Image

Updated on: 

ബെംഗളൂരു: മുന്നിൽ കാണുന്ന എന്തും അന്വേഷിക്കാൻ അധികാരമുള്ള സൂപ്പർ പൊലീസല്ല ഇഡിയെന്ന് കർണാടക ഹൈക്കോടതി. നിയമപരമായ ചട്ടക്കൂടുകളെ മറികടന്നുകൊണ്ട് കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) ഇഡിക്കുള്ള അന്വേഷണ അധികാരം സ്വതന്ത്രമല്ല, മറിച്ച് അനുബന്ധം മാത്രമാണെന്ന് കോടതി ഓർമിപ്പിച്ചു.

അടിസ്ഥാന കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നെങ്കിൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയൂ. കേവലം സംശയത്തിന്‍റെ മാത്രം പേരിൽ സ്വമേധയാ കേസ് എടുക്കാൻ ഇഡിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരപരിധിക്ക് വ്യക്തമായ അതിരുകൾ നിശ്ചയിച്ചുകൊണ്ടാണ് കർണാടക ഹൈക്കോടതി സുപ്രധാന നിരീക്ഷണം.

കർണാടകയിലെ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡ ഉൾപ്പെട്ട കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. കെ.വൈ. നഞ്ചെഗൗഡയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും ഉൾപ്പെടെയുള്ള ഹർജിക്കാർക്കെതിരേ ഇഡി ആരംഭിച്ച കേസിന്‍റെ തുടർനടപടികൾ ജസ്റ്റിസ് എം.ഐ. അരുൺ റദ്ദാക്കി. ഇഡി ഫയൽ ചെയ്ത സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികളും കോടതി റദ്ദാക്കി.

സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ശരിവെച്ചുകൊണ്ട് പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, ഹർജിക്കാരിൽ ഒരാളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകാനും കോടതി നിർദേശിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന സംശയത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഇഡിക്ക് സ്വമേധയാ അന്വേഷണം ആരംഭിക്കാനാകില്ലെന്ന് പറഞ്ഞ കോടതി നിയമം നിർദേശിച്ചിരിക്കുന്ന രീതിയിൽ മാത്രമേ അന്വേഷണ ഏജൻസികൾക്ക് അധികാരം വിനിയോഗിക്കാനാകൂവെന്നും വ്യക്തമാക്കി.