

ബസവരാജ് ഹൊരട്ടി
ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു. വെള്ളിയാഴ്ചയാണ് രാജിവച്ചത്. കോൺഗ്രസ് സർക്കാരിന്‍റെ സമ്മർദത്തെ തുടർന്നാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തനിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചതായി ഹൊരട്ടി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജിവയ്ക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്നും ഹൊരട്ടി സമ്മതിച്ചു.
രാജിവയ്ക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽസിയുമായ ബി.കെ. ഹരിപ്രസാദിനെയും ഹൊരട്ടി കണ്ടിരുന്നു. രാജിവയ്ക്കുമെന്ന് അദ്ദേഹം അവരെ അറിയിക്കുകയും ചെയ്തു. എന്നാൽ, രാജിക്കത്തിൽ താൻ സ്വമേധയാ രാജിവയ്ക്കുകയാണെന്നാണ് ഹൊരട്ടി രേഖപ്പെടുത്തിയത്.
മുൻപ് ജനതാദൾ (സെക്കുലർ) നേതാവായിരുന്ന ഹൊരട്ടി 2022 മേയ് 18നാണ് ബിജെപിയിൽ ചേർന്നത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു വർഷം മുൻപായിരുന്നു ഇത്. ഓഗസ്റ്റ് 13ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഹൊരട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സമ്മർദം ശക്തമാക്കിയത്.
ഹൊരട്ടിയുമായി കൂടിക്കാഴ്ച നടത്തിയതായി ഡി.കെ. ശിവകുമാർ പറഞ്ഞു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതുവരെ ചെയർമാനായി തുടരണമെന്ന് ഹൊരട്ടിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി.
''ഓഗസ്റ്റ് 14ന് കൗൺസിൽ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും. ഡെപ്യൂട്ടി ചെയർമാനെയും അന്ന് തെരഞ്ഞെടുക്കും. അതുവരെ അദ്ദേഹം (ഹൊരട്ടി) പ്രോ ടെം ചെയർമാനായി പ്രവർത്തിക്കും''- ശിവകുമാർ പറഞ്ഞു.