
കെ.എൻ. രാജണ്ണ
ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ ചോദ്യം ചെയ്തതിന്‍റെ പേരിൽ മന്ത്രിയോട് രാജി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സഹകരണ മന്ത്രി കെ.എൻ. രാജണ്ണയോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ വിമർശനം ശ്രദ്ധയിൽ പെട്ട കോൺഗ്രസ് ഹൈക്കമാൻഡ് രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ താൻ രാജി നൽകില്ലെന്നും മുഖ്യമന്ത്രിയെ തന്‍റെ ഭാഗം ധരിപ്പിക്കുമെന്നും രാജണ്ണ വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായത് എന്ന രാജണ്ണയുടെ പരാമർശമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. വോട്ടർ പട്ടിക രൂപപ്പെടുന്ന സമയത്ത് അക്കാര്യത്തിൽ അന്ധത ഭാവിച്ചു. നമ്മുടെ കൺമുന്നിലാണത് സംഭവിച്ചത്. നമുക്കത് നിരീക്ഷിക്കാൻ സാധിച്ചില്ലയെന്ന് മോശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാദേവപുരയിൽ അത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിരുന്നു.
അതേക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് മിണ്ടാതിരുന്നിട്ട് നമ്മൾ ഇപ്പോഴാണ് അതേക്കുറിച്ച് സംസാരിക്കുന്നതെന്നും രാജണ്ണ പറഞ്ഞിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധ പരമ്പരകൾക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സമയത്ത് പാർട്ടിക്കുള്ളിലെ ഉൾപ്പോര് പുറത്തു വന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് സംസ്ഥാനത്ത് ഒന്നിലധികം ഉപ മുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ഉന്നയിച്ചും രാജണ്ണ വിവാദം സൃഷ്ടിച്ചിരുന്നു. സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള രാജണ്ണ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അകൽച്ചയിലാണ്.